ചായക്കടയിലെ വാക്കുതര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റു; പ്രതി പിടിയില്‍
വര്‍ക്കല: ചായക്കടയിലെ വാക്കുതര്‍ക്കം കത്തിക്കുത്തില്‍; യുവാവിന് പരിക്ക്. പ്രതിയായ യുവാവ് പിടിയില്‍. മേല്‍വെട്ടൂര്‍ ജങ്ഷനിലെ ചായക്കടയില്‍ ചായ കുടിക്കാനെത്തിയ വെട്ടൂര്‍ വലയന്റെകുഴി സ്വദേശി രാഹുലി (26) നാണ് കുത്തേറ്റത്.
വെട്ടൂര്‍ അരിവാളം ദാറുല്‍സലാമില്‍ അല്‍ത്താഫ് (38) ആണ് പിടിയിലായത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ മേല്‍വെട്ടൂര്‍ ജങ്ഷനിലാണ് സംഭവം. ചായക്കടയിലെ പഴംപൊരിയിലെ രുചിയില്ലായ്മ ചൂണ്ടിക്കാട്ടി കടയുടമയുമായി രാഹുല്‍ സംസാരിക്കവെ കടയില്‍ ചായകുടിക്കുകയായിരുന്ന വെട്ടൂര്‍ അരിവാളം സ്വദേശി അല്‍ത്താഫ് പ്രശ്നത്തിലിടപെട്ട് സംസാരിച്ചു. തുടര്‍ന്ന്, രാഹുലും അല്‍ത്താഫും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായെന്നാണ് പൊലീസ് നല്കുന്ന വിവരം. വാക്കേറ്റത്തിനിടെ, അല്‍ത്താഫ് കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് രാഹുലിന്റെ മുതുകത്ത് കുത്തിപ്പരിക്കേല്പിച്ച ശേഷം വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. പരിക്കേറ്റ രാഹുല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വിവരമറിഞ്ഞെത്തിയ വര്‍ക്കല പൊലീസ് നടത്തിയ തിരച്ചിലിലാണ് അല്‍ത്താഫ് പിടിയിലായത്. ഇയാള്‍ അഞ്ചുതെങ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ കൊലപാതകശ്രമമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.