ഒറ്റക്ക് മത്സരിച്ച് എസ് ഡി പി ഐ ശക്തി തെളിയിക്കും: അബ്ദുൽ മജീദ് ഫൈസി.

മലപ്പുറം : മുന്നണികൾക്കെതിരെ ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിക്കുമെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് രണ്ടായിരത്തിൽ ഏറെ സീറ്റുകളിൽ ഒറ്റയ്ക്ക് പാർട്ടി മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ 48 സീറ്റുകളിലാണ് ജയിച്ചത്. ഇത്തവണ സീറ്റുകളുടെ എണ്ണം പത്തിരട്ടിയായി വർധിക്കും. പാർട്ടി വിജയിച്ച വാർഡുകളിലെ വികസന നേർസാക്ഷ്യങ്ങൾ വലിയ വിജയപ്രതീക്ഷയാണ് നൽകുന്നത്. രാഷ്ട്രീയ വ്യക്തിത്വം ഉയർത്തിപിടിച്ച് ഒറ്റയ്ക്ക് മത്സരിക്കാനാണു പാർട്ടി ആദ്യം മുതൽ ശ്രമിച്ചിട്ടുള്ളത്. എൽ ഡി എഫ് , യു ഡി എഫ് മുന്നണികൾ വലിയ പ്രതിസന്ധിയിലാണ്. അഴിമതിയിൽ നാൾക്കുനാൾ ഇരുക്കൂട്ടർക്കുമെതിരെ പുതിയ പുതിയ വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കുന്നു. അഴിമതി ആരോപണം വരുമ്പോൾ മാറി നിന്ന് അന്വേഷണത്തെ നേരിടുക എന്ന മുൻകാല നേതാക്കളുടെ പതിവ് പുതിയ രാഷ്ട്രീയ നേതൃത്വങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു. . പുതിയ തലമുറ ഇക്കാര്യത്തിൽ സാബ്രദായിക പാർട്ടികളോട് വലിയ അമർഷത്തിലാണ് അത് വോട്ടെടുപ്പിൽ പ്രതിഫലിക്കും. അദ്ദേഹം പറഞ്ഞു 

Sdpi leader

കേരളത്തിൽ ഇരുമുന്നണികളും രാക്ഷ്ട്രീയ കാപട്യമാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പയറ്റുന്നത്. കാസർകോട്ട് യു ഡി എഫ് പ്രത്യക്ഷത്തിൽ തന്നെ ബി ജെ പിയുമായി സഹകരിക്കുകയാണ്. വംശീയതയും വർഗീയതതും ഉയർത്തിപ്പിടിക്കുന്ന ബി ജെ പിയെ തടയുന്നതിൽ ഇരുമുന്നണികൾക്കും ആത്മാർത്ഥത ഇല്ലെന്ന് ആവർത്തിച്ച് തെളിയിക്കുകയാണ്. മുന്നാക്ക സംവരണ വിഷയത്തിൽ സി പി എമ്മിനും കോൺഗ്രസ്സിനും ഒരേ നിലപാടാണുള്ളത്. ന്യൂനപക്ഷങ്ങൾ നേരിടാൻ പോകുന്ന കടുത്ത വെല്ലുവിളിയാണ് സംവരണ അട്ടിമറി, ഇതിനെതിരെ പാർട്ടി അടുത്ത മാസം മുതൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. സംവരണ അട്ടിമറി അവസാനിക്കുന്നത് വരെ പ്രക്ഷോഭം തുടരും. പാർലമെന്റിൽ ബി ജി പിക്കെതിരെ പൊരുതാൻ പോലും കഴിയാത്ത രൂപത്തിൽ പ്രതിപക്ഷം ദുർബലമായിരിക്കുന്നു. രാജ്യത്ത് ഉയർന്ന് വന്നിട്ടുള്ള കർഷകപ്രക്ഷോഭം വിജയത്തിലേക്ക് മുന്നേറുകയാണ്. വരാനിരിക്കുന്ന പൗരത്വപ്രക്ഷോഭ

വിരുദ്ധസമരങ്ങൾക്ക് വലിയ ഊർജമാണ് ഈ സമരം നൽകുന്നത്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വികസനം ഇനിയും യാഥാർഥ്യമായിട്ടില്ല. മുഖ്യധാരാ പാർട്ടികൾ വാർഡ് – ഗ്രാമസഭകൾ ഇനിയും യാഥാർഥ്യമാക്കിയിട്ടില്ല. അതിനാൽ തന്നെ വികസനപ്രവർത്തനങ്ങൾ അർഹരിലേക്ക് എത്തിയിട്ടുമില്ല മജീദ് ഫൈസി പറഞ്ഞു.

ബിജെ പിക്ക് ഗുണം ചെയ്യുന്ന ഒരു നിലപാടും എസ് ഡി പി ഐ തിരെഞ്ഞെടുപ്പിൽ സ്വീകരിച്ചിട്ടില്ല. പാർട്ടിക്ക് സാന്നിധ്യമുള്ള എല്ലായിടങ്ങളിലും മത്സരിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും ഗ്രാമപഞ്ചായത്ത് – ബ്ലോക്ക് പഞ്ചായത്ത് – ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ പാർട്ടി സ്ഥാനാർത്ഥികളുണ്ട്. സ്വന്തമായി സ്ഥാനാർത്ഥികൾ ഇല്ലാത്ത സ്ഥലങ്ങളിൽ പ്രവർത്തകർക്ക് മനസാക്ഷി വോട്ടുകൾ ചെയ്യാം. എൽ ഡി എഫ് , യു ഡി എഫ് എന്നിവയിൽ ഏതു മെച്ചം എന്നതിന് പ്രസക്തിയില്ല. എസ് ഡി പി ഐ മത്സരിക്കുന്നത് ജയിക്കാൻ ആണ്. രണ്ടുമുന്നണികളും അഴിമതിയിൽ തുല്യരാണ്. ഇബ്രാഹീം കുഞ്ഞിനെ ജയിലിൽ അടച്ചപ്പോൾ കുഞ്ഞാലിക്കുട്ടി പറഞ്ഞത് ഞങ്ങൾ ഭരിച്ചപ്പോൾ ഇങ്ങനെയൊന്നും ചെയ്‌തിട്ടില്ലല്ലോ എന്നാണ്. പാലം പണിയിൽ നടന്ന അഴിമതി ആർക്കും വിഷയമാകുന്നില്ല. മോഡി ഭരണകാലത്തും പൗരത്വ വിരുദ്ധ നിയമകാലത്തും എസ് ഡി പി ഐ മുന്നോട്ട് വെച്ച ആശയങ്ങൾ കൂടുതൽ പ്രസക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം പ്രസ് ക്ലബ് പ്രസിഡണ്ട് കെ ശംസുദ്ധീൻ മുബാറക്ക് സ്വാഗതവും ജില്ലാ സെക്രട്ടറി കെ പി എം റിയാസ് നന്ദിയും പറഞ്ഞു.