വയനാട്ടില്‍ പിടികൂടിയ കടുവയെ തൃശൂര്‍ മൃഗശാലയില്‍ എത്തിച്ചു

തൃശൂർ: വയനാട് പുല്‍പ്പള്ളി മുള്ളൻകൊല്ലിയില്‍നിന്ന് പിടികൂടിയ കടുവയെ തൃശൂർ മൃഗശാലയില്‍ എത്തിച്ചു.പല്ലുകള്‍ നഷ്ടപ്പെട്ട കടുവക്ക് ഇര പിടിക്കാൻ പ്രയാസമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് സംരക്ഷണം ഒരുക്കുന്നത്.

തൃശൂരിലേക്ക് മാറ്റുന്ന മൂന്നാമത്തെ കടുവയാണിത്. രണ്ടര മാസമായി കർണാടകയിലെയും കേരളത്തിലെയും ജനവാസ മേഖലകളില്‍ ഇറങ്ങി വളർത്തു മൃഗങ്ങളെ പിടിച്ച കടുവയെയാണ് മൃഗശാലയില്‍ എത്തിച്ചിരിക്കുന്നത്. മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയാണ് പല്ല് പോയതെന്നാണ് നിഗമനം.

ഇതിനു പിന്നാലെയാണ് ഇരപിടിത്തം ജനവാസ മേഖലയിലാക്കിയത്. വനമൂലികയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. കുപ്പാടിയിലെ പരിചരണ കേന്ദ്രത്തില്‍ വിശദ പരിശോധനക്ക് ശേഷമാണ് പുനരധിവാസത്തിന് ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്.

ബുധനാഴ്ച രാവിലെ പ്രത്യേക വാഹനത്തിലാണ് തൃശൂരില്‍ എത്തിച്ചത്. ക്വാറന്‍റീനില്‍ പാർപ്പിച്ച്‌ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ചികിത്സ നല്‍കുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.