ഈ ഭക്ഷണം ശീലമാക്കൂ, വിവിധ തരം ക്യാൻസറുകള്‍ തടയും

 

സോയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനം. ‘ന്യൂട്രിയൻ്റ്സ്’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച്‌ പറയുന്നത്.
സോയ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗവും ക്യാൻസർ വികസിപ്പിക്കുന്നതിനുള്ള സാധ്യതയും തമ്മിലുള്ള സാധ്യമായ ബന്ധങ്ങളെക്കുറിച്ച്‌ ഗവേഷകർ പഠനത്തില്‍ പറയുന്നു.

ഏഷ്യയില്‍ ധാരാളമായി കാണപ്പെടുന്ന സോയ ഉല്‍പ്പന്നങ്ങളില്‍ ഐസോഫ്ലേവോണ്‍സ്, ഫൈറ്റോസ്റ്റെറോളുകള്‍, ഡയറ്ററി ഫൈബർ തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ക്യാൻസർ സാധ്യത കുറയ്ക്കുന്നതായി പഠനത്തില്‍ പറയുന്നു. എന്നിരുന്നാലും, ഈ ഫലങ്ങള്‍ സോയ ഉല്‍പ്പന്നങ്ങളും ക്യാൻസർ തരങ്ങളും അനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തില്‍ സൂചിപ്പിക്കുന്നു.

സോയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ക്യാൻസർ സാധ്യത 31 ശതമാനം കുറയ്ക്കുന്നതായി ഗവേഷകർ കണ്ടെത്തി.
അണ്ഡാശയ അർബുദങ്ങള്‍ ഉള്‍പ്പെടെയുള്ള ഗൈനക്കോളജിക്കല്‍ ക്യാൻസറുകളിലും ദഹനനാളത്തെയും പ്രോസ്റ്റേറ്റ്, ശ്വാസകോശത്തെയും ബാധിക്കുന്ന അർബുദങ്ങള്‍ എന്നിവയില്‍ ശ്രദ്ധേയമായ അപകടസാധ്യത കുറയ്ക്കുന്നതായി പഠനത്തില്‍ കണ്ടെത്താനായി.

സോയ ഭക്ഷണങ്ങളായ ടോഫു, സോയാമില്‍ക്ക് എന്നിവയുടെ ഉയർന്ന ഉപഭോഗം ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകരിലൊരാളായ ബെനഡെറ്റ് കഫാരി പറഞ്ഞു.
യേല്‍ യൂണിവേഴ്സിറ്റിയിലെ തെറാപ്പിറ്റിക് റേഡിയോളജി വിഭാഗത്തില്‍ ഗവേഷണം നടത്തി വരികയാണ്
ബെനഡെറ്റ്.

സോയയുടെ ആരോഗ്യഗുണങ്ങള്‍…

സോയാബീൻ, സോയാനഗ്ഗെറ്റുകള്‍, ടോഫു, സോയ പാല്‍, സോയ മാവ്, സോയ നട്ട്സ് എന്നിവയാണ് സോയ ഭക്ഷണങ്ങള്‍. സോയ ഉല്‍‌പ്പന്നങ്ങളിലെ ഉയർന്ന അളവിലുള്ള ഫൈബർ ഉള്ളടക്കം ദഹനം, ഉപാപചയം, മലവിസർജ്ജനം, കുടലിന്റെ ആരോഗ്യം എന്നിവ നിയന്ത്രിക്കാൻ സഹായിക്കും.

സോയ ഉല്‍‌പ്പന്നങ്ങളിലെ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ഹൃദയസംബന്ധമായ അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കും. സോയാബീനിലെ ആന്റിഓക്‌സിഡന്റുകള്‍ വിവിധതരം ക്യാൻസറുകളെ പ്രതിരോധിക്കാൻ സഹായകമാണ്. സോയാബീനിലെ ഉയർന്ന ഫൈബർ ദഹന പ്രക്രിയ സുഗമമാക്കി വൻകുടല്‍ കാൻസർ പോലുള്ള സാധ്യതകളും ഇല്ലാതാക്കുന്നു.