കോടതി വിഡിയോ കണ്ടു: പോക്സോ കേസ് പ്രതിയെ വെറുതെവിട്ടു

കോഴിക്കോട്: സ്കൂള്‍ വിട്ട് വീട്ടിലേക്കു പോയ കുട്ടിയോട് ലൈംഗികമായി മോശം പെരുമാറ്റം നടത്തിയെന്ന കേസില്‍ പ്രതിയെ വെറുതെവിട്ടു.ഓമശ്ശേരി ശാന്തി നഗർ സ്വദേശിയായ അനുപ് മാത്യുവിനെയാണ് വിട്ടയച്ചത്.

പ്രോസിക്യൂഷൻ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയ രണ്ടു സി.സി.ടി.വി ദൃശ്യങ്ങള്‍ കോടതിമുറിയില്‍ വിചാരണ വേളയില്‍ കണ്ട ശേഷമാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി രാജീവ്‌ ജയരാജിന്റെ നടപടി.

2022 ജനുവരിയില്‍ താമരശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. കോടതിയില്‍ ഹാജരാക്കിയ വിഡിയോയില്‍ പ്രതിയെ വ്യക്തമായി മനസ്സിലാക്കാൻ കഴിയില്ലെന്നും വിഡിയോ സംഭവവുമായി നേരിട്ട് ബന്ധപ്പെടുത്താൻ കഴിയില്ലെന്നും കോടതി കണ്ടെത്തി. പ്രതിക്കുവേണ്ടി അഡ്വ. കെ.പി. മുഹമ്മദ്‌ ആരിഫ് ഹാജരായി.