കനത്തമഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു, പ്രൊഫഷണല്‍ കോളേജുകള്‍ക്കും ബാധകം


മലപ്പുറം: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.കണ്ണൂർ, മലപ്പുറം, തൃശൂര്‍, കാസർകോട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാകളക്ടർമാർ അറിയിച്ചു.

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (31.07.2024) അവധി

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷൻ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും കളക്ടർ അറിയിച്ചു.

മലപ്പുറംജില്ലയിലെ അവധി അറിയിപ്പ്

ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(31/07/24)യും അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷൻ സെൻ്ററുകള്‍ എന്നിവക്കെല്ലാം അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ വിആർ വിനോദ് അറിയിച്ചു.

തൃശൂര്‍ ജില്ലയിലെ അവധി അറിയിപ്പ്

തൃശൂര്‍ ജില്ലയില്‍ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂലൈ 31) ജില്ലയിലെ അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച്‌ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടു. മുഴുവന്‍ വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്/ കോഴ്‌സുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

കാസർകോട് ജില്ലയിലെ അവധി അറിയിപ്പ്

ജില്ലയിലെ കോളേജുകള്‍ (പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ) സ്റ്റേറ്റ്, സിബിഎസ്‌ഇ, ഐസിഎസ് സി സ്‌കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 31 2024 ബുധനാഴ്ച) ജില്ലാ കളക്ടർ കെ. ഇമ്ബശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.

പത്തനംതിട്ടയിലെ അവധി അറിയിപ്പ്

ശക്തമായ മഴയെത്തുടര്‍ന്ന് ജില്ലയില്‍ നാളെ (31-07-2024) പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍ ഉള്‍പ്പെടെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.