മണ്ഡല പൂജ കഴിഞ്ഞു, രാത്രി ഹരിവരാസനം പാടി നട അടയ്ക്കും; മകരവിളക്ക് മഹോത്സവത്തിനായി 30 ന് നട തുറക്കും
പത്തനംതിട്ട: മണ്ഡല കാലത്തിന് പരിസമാപ്തി കുറിക്കുന്നതിന്റെ ഭാഗമായി ശബരിമലയില്‍ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ നടന്നു.തന്ത്രിയുടെ കർമികത്വത്തില്‍ ഉച്ചയ്ക്കാണ് മണ്ഡല പൂജ നടന്നത്. ഇന്ന് രാത്രി വരെ ഭക്തർക്ക് തങ്ക അങ്കി ചാർത്തിയുള്ള അയ്യപ്പ ദർശനം നടത്താം. വൈകിട്ട് ഏഴ് മണിക്ക് ശേഷം പമ്ബയില്‍ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ മലകയറാൻ അനുവദിക്കില്ല. ഇന്നത്തെ ദർശനം പൂർത്തിയായാല്‍ രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. പിന്നീട് മകരവിളക്ക് മഹോത്സവത്തിനായാകും ശബരിമല നട തുറക്കുക. ഡിസംബർ മുപ്പതിന് വൈകിട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുന്നത്. ജനുവരി 14 നായിരിക്കും മകരവിളക്ക് മഹോത്സവം നടക്കുക.
കാര്യമായ പരാതികളും പ്രശ്നങ്ങളുമില്ലാതെ ശബരിമലയില്‍ മണ്ഡലകാല സീസണ് പൂര്‍ത്തിയാക്കിയതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടും കാര്യമായ പരാതികള്‍ ഉയര്‍ന്നിട്ടില്ല. വരുമാനത്തിലും ഗണ്യമായ നര്‍ദ്ധനയുണ്ടായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഹാപ്പിയാണ്. ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ തന്നെ സന്തോഷം പങ്കുവച്ച് രംഗത്തെത്തി.
വാസവന്റെ വാക്കുകള്‍
കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമാണ് പരാതിരഹിതമായ മണ്ഡലതീർഥാടനകാലമെന്നു ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താൻ ശബരിമല സന്നിധാനത്തു സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി. ഒരുലക്ഷത്തിലേറെ തീർഥാടകർ വന്ന ദിവസമുണ്ടായിട്ടും ഒരാള്‍ പോലും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ല. 41 ദിവസം പൂർത്തിയാകുമ്ബോള്‍ വന്ന എല്ലാ അയ്യപ്പഭക്തന്മാർക്കും ദർശനം ഉറപ്പാക്കി. അവർ സംതൃപ്തിയോടെ മടങ്ങുന്ന കാഴ്ചയാണു കണ്ടത്. അത്തരത്തിലായിരുന്നു ആസൂത്രണത്തിലെ മികവ്. പതിനെട്ടാം പടിയില്‍ ഒരുമിനിട്ടില്‍ 85-90 പേർ കയറുന്ന സാഹചര്യം സൃഷ്ടിക്കാനായത് ദർശനം സുഗമാക്കാൻ തുണച്ചു. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സന്നദ്ധസംഘടകളെക്കൂടി ഉള്‍പ്പെടുത്തി കാലേകൂട്ടി ചർച്ചകള്‍ നടത്തിയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് അഞ്ചുലക്ഷത്തോളം ഭക്തരാണ് ഈ 41 ദിവസത്തെ കാലയളവില്‍ കൂടുതലായി എത്തിയത്. വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതലാണെന്ന് താല്‍ക്കാലികമായി ലഭ്യമായ കണക്ക്. ദർശനം കിട്ടാതെ വന്നതായി ആരും പരാതിപ്പെട്ടിട്ടില്ല. സുഗമമായ ദർശനം ഉറപ്പാക്കാനായി എന്നു വന്നവർ തന്നെ പറയുന്നു. മലകയറിവന്ന എല്ലാവർക്കും സൗജന്യഭക്ഷണം ഉറപ്പാക്കാനായി. അപ്പവും അരവണയും എല്ലാവർക്കും ലഭിക്കുമെന്ന് ഉറപ്പാക്കി. കാലേകൂട്ടി നടത്തിയ തയാറെടുപ്പുകള്‍ എല്ലാ അർഥത്തിലും ഫലം കണ്ടു. മകരവിളക്ക് ഒരുക്കങ്ങള്‍ സംബന്ധിച്ചു ഡിസംബർ 28ന് നടക്കുന്ന യോഗത്തില്‍ ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.