നഗരസഭയില്‍ വൈസ് ചെയര്മാന് പദവി സി.പി.ഐക്ക് ലഭിക്കില്ല.
പൊന്നാനി: നഗരസഭയില്‍ വൈസ് ചെയര്മാന് സ്ഥാനത്തിനുവേണ്ടി സി.പി.ഐ നടത്തിയ സമ്മര്‍ദങ്ങളൊന്നും ഫലം കാണാതായതോടെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ യോഗം സി.പി.ഐ പ്രതിനിധികള്‍ ബഹിഷ്കരിച്ചു.
സി.പി.എമ്മിന് മാത്രം 34 അംഗങ്ങള്‍ ഉള്ളതിനാല്‍ വൈസ് ചെയര്മാന് സ്ഥാനം വിട്ടുകൊടുക്കരുതെന്ന് ആവശ്യം ശക്തമായിരുന്നു. പക്ഷേ, നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുന്നണി ബന്ധങ്ങള്‍ക്ക് പ്രതിസന്ധി ഉണ്ടാവാതിരിക്കാന്‍ ഏരിയ കമ്മിറ്റി വിട്ടുവീഴ്ച ചെയ്തേക്കുമെന്ന് സി.പി.ഐ പ്രതീക്ഷിച്ചെങ്കിലും നടന്നില്ല.ഞായറാഴ്ച നടന്ന സി.പി.എം, സി.പി.ഐ യോഗത്തില്‍ വൈസ് ചെയര്പേഴ്സന് സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന് സി.പി.ഐ ആവശ്യം ഉന്നയിച്ചു.
എന്നാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി മാത്രം നല്‍കൂവെന്ന നിലപാടിലായിരുന്നു സി.പി.എം. ഇതേത്തുടര്‍ന്ന് യോഗം തീരുമാനമാവാതെ പിരിയുകയും സി.പി.എം ബിന്ദു സിദ്ധാര്‍ഥനെ വൈസ് ചെയര്‍പേഴ്സനായി പ്രഖ്യാപിക്കുകയും ചെയ്തു.
തുടര്‍ന്ന് ഉച്ചക്ക് നടന്ന കൗണ്‍സിലര്‍മാരുടെ യോഗത്തിന് സി.പി.ഐ കൗണ്‍സിലര്‍മാരെ ക്ഷണിച്ചെങ്കിലും വൈസ് ചെയര്പേഴ്സന് കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാവാത്തതിനാല് ഇവര്‍ യോഗം ബഹിഷ്കരിക്കുകയും ചെയ്തു. 51 അംഗ നഗരസഭയില്‍ സി.പി.ഐക്ക് രണ്ട് കൗണ്‍സിലര്‍മാരാണുള്ളത്.