വിചിത്ര വിശദീകരണവുമായി ഹരികുമാര്‍, ദേവേന്ദുവിനെ കൊലപ്പെടുത്തിയത് ഉള്‍വിളി തോന്നിയതിനാലെന്ന് മൊഴി; പ്രതിക്ക് മാനസിക രോഗമെന്ന് പൊലീസ്

തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് ഉള്‍വിളി തോന്നിയത് കൊണ്ടെന്ന് പ്രതി ഹരികുമാര്‍. കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയ വിശദീകരണം. എന്നാല്‍ പ്രതി അടിക്കടി മൊഴി മാറ്റുന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. ഹരികുമാര്‍ വിദ്യാഭ്യാസം നേടിയിട്ടില്ല. മൂന്ന് വര്‍ഷം ആലപ്പുഴ ദേവീക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്നുവെന്നാണ് കണ്ടെത്തല്‍.
ഹരികുമാറിനെ കൊലപാതകം നടന്ന വീട്ടിലേക്ക് കൊണ്ടുപോയി തെളിവെടുത്തു. കുഞ്ഞിന്റെ അമ്മാവന്‍ ഹരികുമാറിന് മാനസികസ്വാസ്ഥ്യമുണ്ടെന്നും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

കുഞ്ഞിന്റെ അമ്മ ശ്രീതുവും ഭര്‍ത്താവ് ശ്രീജിത്തും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഹരികുമാറും സഹോദരി ശ്രീതുവും നിഗൂഢ സ്വഭാവമുള്ളവരാണെന്നാണ് പൊലീസ് വിലയിരുത്തല്‍. അടുത്തടുത്ത മുറികളില്‍ നിന്നും ഇരുവരും നിരന്തരം വാട്‌സ് ആപ്പ് ചാറ്റും വീഡിയോ കോളും ചെയ്യാറുണ്ടായിരുന്നു. ശ്രീതുവിനോട് ഹരികുമാര്‍ വഴിവിട്ട് പെരുമാറാന്‍ ശ്രമിച്ചിരുന്നു. അടുപ്പത്തിന് കുഞ്ഞ് തടസ്സമാകുമെന്നതിനാല്‍ കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ പൊലീസിന് ലഭിച്ച വിവരം. പക്ഷെ ഇനിയും പല സംശയങ്ങള്‍ ബാക്കിയാണ്. നഷ്ടപ്പെട്ട കൂടുതല്‍ വാട്‌സപ് ചാറ്റുകള്‍ വീണ്ടെടുക്കും. ശ്രീതു പ്രത്യേക സ്വഭാവക്കാരിയായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ ബന്ധുക്കളുടെ മൊഴി. രണ്ട് വയസ്സകാരിയുടെ കൊലയുടെ ഞെട്ടലിലാണ് അയല്‍വാസികള്‍. ശ്രീതു നിരന്തരം കള്ളം പറയുമായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.

ഇതിനിടെ സംശയം കൂട്ടി കരിക്കകം സ്വദേശി ദേവീദാസന്‍ എന്ന മന്ത്രിവാദിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീതു ഇയാളെ ഗുരുവായി കണ്ടിരുന്നു. ഹരികുമാര്‍ ഒന്നര വര്‍ഷത്തോളം ഇയാളുടെ മഠത്തില്‍ ജോലി ചെയ്തിരുന്നു. പ്രദീപന്‍ എന്ന പേരില്‍ മുമ്പ് പ്രദേശത്ത് മുട്ട കച്ചവടം നടത്തിയ ആള്‍ പിന്നീട് ദേവീദാസന്‍ എന്ന പേരില്‍ മന്ത്രവാദത്തിലേക്കും പൂജയിലേക്കും മാറുകയായിരുന്നു. വീടുവാങ്ങാനെന്ന പേരില്‍ 30 ലക്ഷം രൂപ പല ഘട്ടങ്ങളിലായ് ദേവീദാസന്‍ തട്ടിയെടുത്തെന്നാണ് ശ്രീതുവിന്റെ മൊഴി. കുഞ്ഞിന്റെ കൊലപാതകത്തില്‍ ഇയാളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
അഞ്ചു വര്‍ഷത്തോളമായി ചില മാനസിക പ്രശ്‌നങ്ങള്‍ക്ക് ഹരികുമാര്‍ ചികിത്സയിലാണെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്ക് മാനസിക സ്ഥിരതയില്ലാത്തത് കേസ് അന്വേഷണത്തിന് വെല്ലുവിളിയാണ്. കൊലപാതകത്തില്‍ ഹരികുമാറിന് മാത്രമാണ് പങ്കെന്ന് പറയാറായിട്ടില്ല.

കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണ്. കസ്റ്റഡിയിലെടുത്ത ജോത്സ്യന്‍ ദേവീദാസന് പങ്കുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്. മാനസിക സ്ഥിരതയില്ലാത്തതിനാല്‍ കൊലയുടെ കാരണം ഉള്‍പ്പെടെ കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഫോറന്‍സിക് പരിശോധന ഫലം ഉള്‍പ്പെടെ വരേണ്ടതുണ്ട്. ഹരികുമാര്‍ ജോത്സ്യന്റെ വീട്ടില്‍ ഒന്നര വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്. അനുസരണയില്ലാത്തതിനാല്‍ പറഞ്ഞയച്ചുവെന്നാണ് ജോത്സ്യന്റെ മൊഴി.

ജോലി ചെയ്തതിന്റെ ശമ്പളം വാങ്ങാന്‍ ഹരികുമാറിന്റെ അമ്മയും സഹോദരിയുമാണ് വന്നിരുന്നത്. കൊല ചെയ്തത് ഹരികുമാറാണെന്ന് വ്യക്തമായിട്ടുണ്ട്. മറ്റു തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. വോയ്‌സ് മെസേജുകളാണ് ഹരികുമാര്‍ കുട്ടിയുടെ അമ്മയായ ശ്രീതുവിന് അയച്ചിട്ടുള്ളത്. ഇതിന്റെ ഉള്‍പ്പെടെ ശാസ്ത്രീയ പരിശോധന ഫലം വരേണ്ടതുണ്ട്. കുട്ടിയുടെ അമ്മയായ ശ്രീതു രണ്ടാഴ്ച മുമ്പ് ജോത്സ്യനെതിരെ 36 ലക്ഷം രൂപ തട്ടിയെന്ന പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവീദാസനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

എന്നാല്‍, സാമ്പത്തിക തട്ടിപ്പ് ആരോപണം ദേവീദാസന്‍ നിഷേധിച്ചു. ഹരികുമാര്‍ ആറു വര്‍ഷത്തോളമായി ചികിത്സയിലാണെന്ന് അമ്മയും മൊഴി നല്‍കിയിട്ടുണ്ട്. കൊലയ്ക്കുള്ള കാരണം ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നും റൂറല്‍ എസ്പി സുദര്‍ശന്‍ പറഞ്ഞു.അതേസമയം, കൊലപാതകത്തിന് കാരണമായി വിചിത്ര മൊഴിയാണ് പ്രതി നല്‍കിയത്. കുഞ്ഞിനെ കൊന്നത് ഉള്‍വിളി തോന്നിയതുകൊണ്ടാണെന്നാണ് പ്രതി ഹരികുമാറിന്റെ മൊഴി. കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ദേവേന്ദുവിന്റെ കൊലപാതകത്തിന്റെ കാരണം രണ്ടാം ദിവസവും പൊലീസിന് കണ്ടെത്താനായിട്ടില്ല. കൂടുതല്‍ മൊഴികള്‍ പുറത്തുവന്നതോടെ കൊലപാതകത്തില്‍ ദുരൂഹതയേറുകയാണ്.