അജ്മാനിലേക്ക് പെട്ടെന്ന് എത്താം, ദിവസേന രണ്ട് സര്‍വീസുകള്‍; ഒമാനില്‍ നിന്നും പുതിയ ബസ് സര്‍വീസ് ആരംഭിച്ചു

മസ്കത്ത്: ഒമാനില്‍ നിന്നും അജ്മാനിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ച് പ്രമുഖ ഗതാഗത കമ്ബനിയായ അല്‍ ഖഞ്ചരി. ദിവസേന രണ്ട് സർവീസുകളാണ് നടത്തുന്നത്.അജ്മാനില്‍ നിന്നും മസ്കത്തിലേക്കും ദിവസേന രണ്ട് സർവീസുകള്‍ ഉണ്ടാകും. ഒരു ഭാഗത്തേക്ക് പത്ത് റിയാലാണ് ടിക്കറ്റ് നിരക്ക്. രാവിലെ ആറ് മണിക്കും ഒമ്ബത് മണിക്കുമാണ് മസ്കത്തില്‍ നിന്നും ബസുകള്‍ സർവീസ് ആരംഭിക്കുന്നത്. അജ്മാനില്‍ നിന്ന് രാവിലെ 9 മണിക്കും 11 മണിക്കും സർവീസുകള്‍ ഉണ്ടാകും.
1998ല്‍ ആരംഭിച്ച സ്വദേശി ഗതാഗത കമ്ബനിയാണ് അല്‍ ഖഞ്ചരി. ഒമാനിലെ ദുകം ഗവർണറേറ്റിലേക്കും റിയാദ്, ദുബൈ എന്നിവിടങ്ങളിലേക്കും അല്‍ ഖഞ്ചരി സർവീസ് നടത്തുന്നുണ്ട്. ഉംറ അടക്കമുള്ള ആവശ്യങ്ങള്‍ക്ക് മക്കയിലും മദീനയിലും പോകുന്നവർ മസ്കത്തില്‍ നിന്നും റിയാദിലേക്കുള്ള ഖഞ്ചരി ബസ് സർവീസുകള്‍ ധാരാളമായി ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ റൂട്ടുകളില്‍ തിരക്കും വർധിച്ചിട്ടുണ്ട്.
