കൂട്ടായി വധം: പരുക്കേറ്റ സഹോദരങ്ങളുടെ പിതാവ് അറസ്റ്റിൽ; വീട് അതിക്രമിച്ച് കൊലപാതക ശ്രമം നടത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ

തിരൂർ: കൂട്ടായി മാസ്റ്റർപടിയിൽ വെള്ളിയാഴ്ച രാത്രിയിൽ ഇരു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ചേലക്കൽ യാസർ അറഫാത്തി(26)നെ ആക്രമിച്ച കേസിൽ ഏനിൻ്റെ പുരക്കൽ അബൂബക്കറി(60)നെയാണ് അറസ്റ്റ് ചെയ്തത്. അബൂബക്കറിൻ്റെ വീട്ടുമുറ്റത്തേക്ക് ആയുധവുമായെത്തി അതിക്രമിച്ചെത്തിയ സംഘവുമായി നടത്തിയ ഏറ്റുമുട്ടലിലാണ് യാസർ അറഫാത്ത് കൊല്ലപ്പെട്ടത്.

യാസർ അറഫാത്തിനോടൊപ്പം അബൂബക്കറിൻ്റെ വീട്ടിലെത്തി ആക്രമിച്ച സംഘത്തിൽപ്പെട്ട കുട്ട്യായിൻ്റെ പുരക്കൽ ഫഹദ് (23) പൊലീസ് കസ്റ്റഡിയിലാണ്. സംഘർഷത്തിൽ കൈവിരലിന് പരുക്കേറ്റ ഫഹദ് സംഭവ ശേഷം വെള്ളിയാഴ്ച രാത്രി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ് ഫഹദ്.
അറസ്റ്റ് ചെയ്ത അബൂബക്കറിനെ ഞായറാഴ്ച മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുമെന്ന് തിരൂർ സി ഐ ടി പി ഫർഷാദ് അറിയിച്ചു.