വിജിലന്‍സ് 50,000 രൂപ പിഴയിട്ടു; ലോറി ‍ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു

വിജിലന്‍സ് വന്‍തുക പിഴയിട്ടതിനെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് നെല്ലിക്കാപറമ്പ് സ്വദേശി മുഹമ്മദ് ഇര്‍ഷാദാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഫേസ്ബുക്ക് ലൈവില്‍ വന്നതിന് ശേഷമായിരുന്നു ആത്മഹത്യ ശ്രമം. ആളുകളുടെ ആവശ്യത്തിനനുസരിച്ച് ക്വാറികളില്‍ നിന്നും സ്വന്തം നിലയില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന ഒരു തെഴിലാളിയാണ് ഇദ്ദേഹം. ആറുമാസമായി വാഹനം ഓടാതെ കിടക്കുകയായിരുന്നുവെന്നും ഇന്നലെയാണ് വാഹനം ഓടിത്തുടങ്ങിയതെന്നും അദ്ദേഹം ലൈവില്‍ പറയുന്നു.

”ഇന്നലെയാണ് വിജിലന്‍സ് സംഘം വാഹനം പിടിച്ചത്. എട്ടര ടണ്‍ ലോഡ് വാഹനത്തിലുണ്ട് എന്ന് പറഞ്ഞാണ് വിജിലന്‍സ് സംഘം പിഴയിട്ടത്. എന്നാല്‍ അതിനെക്കാള്‍ കൂടുതല്‍ ലോഡ് കയറ്റാനുള്ള അനുമതി എന്‍റെ ആര്‍.സി ബുക്കില്‍ ഉണ്ട്”. തനിക്കിനി മറ്റു വഴികളില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും, തനിക്കെന്ത് സംഭവിച്ചാലും അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനും ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്കുമാണെന്നും പറഞ്ഞ് കയ്യില്‍ കരുതിയിരുന്ന എലിവിഷം കഴിച്ചത്. 50,000 രൂപയാണ് ഇര്‍ഷാദിന് വിജിലന്‍സ് പിഴയിട്ടതെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്ത് പറഞ്ഞു. .

ലൈവിന് ശേഷം സുഹൃത്തുക്കള്‍ ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് മുക്കം കാരശ്ശേരി റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും ഇര്‍ഷാദിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇര്‍ഷാദിനെ കെ.എം.സി.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്വാറികളില്‍ നടത്തിയ ഓപ്പറേഷന്‍ സ്റ്റോണ്‍ വാളിന്‍റെ ഭാഗമായിരുന്നു വിജിലന്‍സ് പിഴയിട്ടത്.