ദ്വാരത്തിൽ വീണ് വ്യാപാരി മരിച്ച സംഭവത്തിൽ കസബ പൊലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: ഷോപ്പിംഗ് കോംപ്ലക്സിൽ വ്യാപാരികളുടെ ഇഷ്ടത്തിന് നിർമിച്ച ദ്വാരത്തിൽ വീണ് വ്യാപാരി മരിച്ച സംഭവത്തിൽ കസബ പൊലീസ് അന്വേഷണം തുടങ്ങി. സംഭവം ഒതുക്കി തീർക്കാൻ വ്യാപാരികൾ ശ്രമം നടത്തുവെന്ന ആരോപണത്തിനിടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കോഴിക്കോട് നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ സെഞ്ച്വറി കോപ്ലക്സിൽ ഇന്നലെയാണ് അപകടമുണ്ടായത്. തിരൂർ സ്വദേശിയും വ്യാപാരിയുമായ ഹൈദ്രോസ് ഹാജിയാണ് കെട്ടിട്ടത്തിൻ്റെ മുകൾ നിലയിൽ അനധികൃതമായ ഉണ്ടാക്കിയ ദ്വാരത്തിലൂടെ വീണ് മരിച്ചത്. നഗരസഭയുടെ യാതൊരു അനുമതിയും വാങ്ങാതെ വ്യാപാരികൾ സ്വന്തം സൗകര്യത്തിനാണ് കെട്ടിട്ടത്തിൻ്റെ നടപ്പാതയിൽ ഇങ്ങനെയൊരു ദ്വാരമുണ്ടാക്കിയത് എന്നാണ് സൂചന. ഇന്നലെ തൻ്റെ കടയിലേക്ക് സാധനങ്ങൾ വാങ്ങാനായി സെഞ്ച്വറി കോപ്ലക്സിലെത്തിയ ഹൈദ്രോസ് ഹാജി നടപ്പാതയിലൂടെ നീങ്ങുന്നതിനിടെയാണ് തുറന്നിട്ട ദ്വാരത്തിലൂടെ താഴെ വീണ് തലയ്ക്ക് പരിക്കേറ്റ് ദാരുണമായി മരിച്ചത്. സംഭവം നടന്ന് 24 മണിക്കൂർ പിന്നിട്ടിടും കോർപ്പറേഷൻ ഉദ്യോഗസ്ഥർ ആരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നില്ല. സംഭവത്തിൽ കെട്ടിട്ട ഉടമയ്ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.