ഷർട്ടിടാതെ ഹാജരായ മലയാളി അഭിഭാഷകനെ ശകാരിച്ച് സുപ്രിം കോടതി

ന്യൂഡൽഹി: ഷർട്ടിടാതെ ഹാജരായ മലയാളി അഭിഭാഷകനെ ശകാരിച്ച് സുപ്രിം കോടതി. വിഡിയോ കോൺഫറൻസിംഗ് വഴിയുള്ള ഹിയറിംഗിനിടെ ഷർട്ടിടാതെ ഹാജരായ അഡ്വ എംഎൽ ജിഷ്ണുവിനെയാണ് സുപ്രിം കോടതി ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവുവും ഹേമന്ത് ഗുപ്തയും ശകാരിച്ചത്. വിഡിയോ കോൺഫറൻസ് വഴിയുള്ള കോടതി നടപടികൾ തുടങ്ങിയിട്ട് എട്ട് മാസം കഴിഞ്ഞിട്ടും ഇത്തരം അശ്രദ്ധകൾ ഇപ്പോഴും ആവർത്തിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി.

 

 

മുൻപ് പലതവണ ഇത്തരം വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. ഒക്ടോബർ 26ന് മറ്റൊരു അഭിഭാഷകനും ഷർട്ടില്ലാതെ ഹാജരായിരുന്നു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ ബെഞ്ചിനു മുന്നിലായിരുന്നു സംഭവം. സെക്കൻഡുകൾ മാത്രമേ അഭിഭാഷകനെ ഷർട്ടില്ലാതെ കണ്ടുള്ളൂ എങ്കിലും കോടതി അന്നും ഇത്തരം അശ്രദ്ധകൾ ഉണ്ടാവരുതെന്ന് താക്കീത് ചെയ്തിരുന്നു. പിന്നീടൊരിക്കൽ ഒരു വക്കീലും ഷർട്ടിടാതെ ഹാജരായിരുന്നു. മറ്റൊരിക്കൽ ഒരു അഭിഭാഷകൻ ടിഷർട്ട് ധരിച്ച് കട്ടിലിൽ കിടന്നു കൊണ്ടാണ് ഹാജരായത്.