മലയാളിയെ കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ജിസാൻ: സൗദിയിൽ മിനി സൂപർമാർക്കറ്റിൽ (ബഖാല) ജീവനക്കാരനായ മലയാളിയെ കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജീസാന് സമീപം അബൂ അരീഷ് എന്ന ചെറിയ പട്ടണത്തിലെ കടയിൽ മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി മുഹമ്മദ് അലി പുള്ളിയിൽ (52) ആണ് മരിച്ചത്. ജോലിക്കിടയിൽ ഇന്ന് പുലർച്ചെയാണ് കഴുത്തിന് കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. കവർച്ചക്കാർ ആക്രമിച്ചതാണെന്നാണ് കരുതുന്നത്. പ്രതികളിലൊരാൾ പിപിടിയിലായെന്ന്റിപ്പോർട്ട്.
കടയിൽ മുഹമ്മദ് ഒറ്റക്കായിരുന്നു. ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. കടയിലെത്തിയ അക്രമികൾ ക്ലോസ്ഡ് സർക്യൂട്ട് ടിവി കാമറകളുടെ കേബിൾ മുറിക്കാൻ ശ്രമിച്ചപ്പോൾ മുഹമ്മദ് അലി അതിനെ തടയാൻ ശ്രമിച്ചെന്നും തുടർന്ന് കവർച്ചക്കാർ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു എന്നുമാണ് നിഗമനമെന്ന് റിപ്പോർട്ട് ചെയ്യുന്നു. മൃതദേഹം അബൂഅരീഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ്. സഹോദരൻ അഷ്റഫ് ഇതേ കടയിൽ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം ഇപ്പോൾ നാട്ടിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടയിലെ സി.സി ടി.വി വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവസ്ഥലം പൊലീസ് സീൽ ചെയ്തിരിക്കുകയാണ്.