മാനിനെ വേട്ടയാടിയ കേസില്‍ നാലുപേര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി.

മലപ്പുറം എടക്കരയില്‍ മാനിനെ വേട്ടയാടിയ കേസില്‍ നാലുപേര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി. മുണ്ടേരി നാരാങ്ങാപ്പൊയില്‍ വനമേഖലയിലാണ് സംഘം മാനിനെ കൊന്ന് ഇറച്ചിയാക്കിയത്. സംഭവത്തില്‍ നേരത്തെ രണ്ടു പേര്‍ പിടിയിലായിരുന്നു. എടക്കര മുണ്ടേരി സ്വദേശികളായ അബ്ദുല്‍ സലാം ,സൈനുല്‍ ആബിദീന്‍, സനല്‍, അബ്ദുല്‍ സലാം എന്നിവരാണ് വഴിക്കടവ് റേഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്.

കഴിഞ്ഞ മാസം മുപ്പതിന് പോത്തുകല്‍ പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ ചെമ്പന്‍കൊല്ലി സ്വദേശി മുഹമ്മദ് നിസാര്‍ കോടാലിപൊയില്‍ സ്വദേശി സുലൈമാന്‍ എന്നിവര്‍ നാടന്‍ തോക്കുമായി പിടിയിലായിരുന്നു. സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് ഇവര്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘം ആഴ്ചകള്‍ക്ക് മുമ്പ് നാരങ്ങാപ്പൊയില്‍ വെച്ച് മാനിനെ വേട്ടയാടിയതായി വിവരം ലഭിച്ചത്. പ്രതികള്‍ക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് സംഘത്തില്‍ പെട്ട നാല് പേര്‍ കൂടി കീഴടങ്ങിയത് . വേട്ടയാടിയ മാനിന്റെ അവശിഷ്ടങ്ങള്‍ വനപാലകര്‍ കണ്ടെടുത്തു .

മാംസം മുറിക്കാനുപയോഗിച്ച വെട്ടുകത്തി, പാചകം ചെയ്യാനുപയോഗിച്ച പാത്രങ്ങള്‍, തോക്കിനുപയോഗിക്കുന്ന തിരകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ സുലൈമാന്റെതാണ് പിടികൂടിയ തോക്ക്. മാനിന്റെ അവശിഷ്ടങ്ങള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.