പമ്പിലെത്തി ബാറ്റുയർത്തി യൂത്ത് കോൺഗ്രസ്; പെട്രോൾ 100 കടന്നു; കുതിച്ച് രോഷം

ഭോപ്പാൽ: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് പിടിതരാതെ കുതിക്കുകയാണ് രാജ്യത്തെ ഇന്ധനവില. പെട്രോൾ വില ഏതാനും ദിവസങ്ങൾക്ക് അകം നൂറ് തികയ്ക്കും എന്ന കാത്തിരിപ്പിന് രാജ്യത്ത് പലയിടത്തും അവസാനമായി. പ്രീമിയം പെട്രോളിന്റെ വില 100 കടന്നു. മധ്യപ്രദേശിലെ ഭോപ്പാല്‍, അനുപ്പൂര്‍, ഷഹ്‌ദോല്‍ ജില്ലകളിലും മഹാരാഷ്ട്രയിലെ പര്‍ഭനി ജില്ലയിലുമാണ് പ്രീമിയം പെട്രോളിന്റെ വില മൂന്നക്കം കടന്നിരിക്കുന്നത്. ഇതോടെ പെട്രോൾ പമ്പിലെത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാറ്റുയർത്തി പ്രതിഷേധം അറിയിച്ചു. നൂറ് അടിച്ചാലുള്ള ആഘോഷം ഇവിടെയും തെറ്റിക്കുന്നില്ല എന്നാണ് പ്രതീകാത്മ സമരത്തോടെ യൂത്ത് കോൺഗ്രസ് വ്യക്തമാക്കുന്നത്.

ഭോപ്പാലില്‍ 100 രൂപ നാലു പൈസയാണ് നിരക്ക്. സാധാരണ പെട്രോളിന് ഇവിടെ 96 രൂപ 37 പൈസയും ഡീസലിന് 86 രൂപ 84 പൈസയുമാണ് ഇപ്പോൾ.കേരളത്തിൽ തുടർച്ചയായി ആറാം ദിവസവും വില ഉയർന്നതോടെ കൊച്ചിയിലും പെട്രോൾ വില ലീറ്ററിന് 89 രൂപയിലെത്തി. ഇന്ന് 29 പൈസയാണു കൂട്ടിയത്. സംസ്ഥാനത്തെ പല ജില്ലകളിലെയും ഗ്രാമീണ മേഖലകളിൽ വില 90 കടന്നു. തിരുവനന്തപുരത്ത്  90.61രൂപയായി. ഡീസൽ വില ഇന്ന് 33 പൈസ കൂട്ടിയതോടെ കൊച്ചിയിലെ വില 83.48 രൂപയായി. തിരുവനന്തപുരത്ത് ഡീസൽ വില 85 രൂപയ്ക്കു തൊട്ടടുത്തെത്തി. മുംബൈ നഗരത്തിൽ ഒരു ലീറ്റർ പെട്രോളിന് 95 രൂപയ്ക്കു മുകളിലാണു വില.