സർക്കാർ സ്‌കൂളുകളിലെ കോവിഡ്; റിവ്യൂ മീറ്റിംഗ് നടത്തി

പൊന്നാനി നിയോജക മണ്ഡലത്തിലെ രണ്ട് സ്‌കൂളുകളില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജാഗ്രത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ റിവ്യൂ മീറ്റിംഗ് വിളിച്ചു ചേര്‍ത്തു. ആവശ്യമായ മുന്‍കരുതല്‍ സ്‌കൂളുകളിലും പൊതു സ്ഥാപനങ്ങളിലും, പൊതു ഇടങ്ങളിലും ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു.

സ്‌കൂളുകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് വേണ്ടത്ര ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്താനും അതിലേക്ക് ആവശ്യമുള്ള ടെസ്റ്റ് കിറ്റുകള്‍ അനുവദിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. പഞ്ചായത്ത് മുനിസിപ്പല്‍ തലത്തില്‍ പ്രത്യേകം റിവ്യൂ മീറ്റിങ് ചേരാനും സെക്ടറല്‍ മജിസ്ട്രേറ്റ്മാരുടെ പരിശോധന ശക്തമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഡി.എം.ഒ യുടെ പ്രതിനിധി, മെഡിക്കല്‍ സൂപ്രണ്ടുമാര്‍, തഹസില്‍ദാര്‍, എ.ഇ.ഒ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.