പിന്നിൽ നിന്നും കഠാര ഇറക്കി, പദവികളുടെ പടി വാതിൽ അടച്ച് പുറത്ത് നിർത്തി: നേതൃത്വത്തിനെതിരേ ആര്യാടൻ ഷൗക്കത്ത്

ശേഷം നിലമ്പൂരിൽ ബി.ജെ.പി. കോൺഗ്രസ് വോട്ട് കച്ചവടം നടന്നതിന് തെളിവാണെന്ന് പി.വി. അൻവറിന്റെ കുറിപ്പ്

കോൺഗ്രസ് നേതൃത്വത്തെ പേര് പറയാതെ വിമർശിച്ച് ആര്യാടൻ ഷൗക്കത്തിൻ്റെ ഫേസ്ബുക് പോസ്റ്റ്. കഴിഞ്ഞ ദിവസം ഷൗക്കത്ത് ഇട്ട പോസ്റ്റ് ചർച്ചയാവുകയാണ്.

 

“പിന്നിൽ നിന്നും കഠാര ഇറക്കി കീഴ്പ്പെടുത്തി കഴിവുകെട്ട യോദ്ധാവ് എന്ന് മുദ്രകുത്താം. പദവികളുടെ പടി വാതിൽ അടച്ച് പുറത്ത് നിർത്താം. പദവികൾക്കുവേണ്ടി മതേതര മൂല്യങ്ങൾ പണയംവെച്ച് മതാത്മക രാഷ്ട്രീയത്തിന്റെ ഉപജാപങ്ങൾക്ക് മുൻപിൽ മുട്ടിലിഴയുന്നവർ അറിയുക. ഇനിയും ഒരുപാട് തോറ്റാലും ശരി, നാടിന്റെ മോചനം സാധ്യമാക്കിയ ദേശീയകുലതിൻ്റെ ആത്മാഭിമാനം കളങ്കപ്പെടുത്തി ആരുടെ മുമ്പിലും കീഴ്പ്പെടുത്താൻ ഇല്ല. ഇനിയും നടക്കാൻ ഏറെ ഉണ്ട്, ഒട്ടേറെ സൂര്യോദയങ്ങൾ കാണാൻ ഉണ്ട്.” ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകൾ ഇങ്ങനെ.

തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡി.സി.സി. പ്രസിഡന്റിന്റെ  ചുമതലയിൽ നിന്നും ആര്യാടൻ ഷൗക്കത്തിനെ മാറ്റിയിരുന്നു. വി.വി. പ്രകാശ്  നിലമ്പൂരിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായ സാഹചര്യത്തിലായിരുന്നു ആര്യാടൻ ഷൗക്കത്തിന് ഡി.സി.സി. പ്രസിഡണ്ടിന്റിന്റെ ചുമതല നൽകിയത്.

 

മറ്റ് ജില്ലകളിലെ സമാന നടപടിയാണ് ഇതെന്നായിരുന്നു നേതൃത്വത്തിൻ്റെ വിശദീകരണം. അതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ ഇത് നിലമ്പൂരിൽ ബി.ജെ.പി. കോൺഗ്രസ് വോട്ട് കച്ചവടം നടന്നതിന് തെളിവാണെന്ന് പി.വി. അൻവർ ഫേസ്ബുക്കിൽ ബുക്കിൽ എഴുതി

പദവികൾക്ക്‌ വേണ്ടി മതേതര മൂല്യങ്ങൾ പണയം വച്ച്‌,മതാത്മക രാഷ്ട്രീയത്തിന്റെ മുന്നിൽ മുട്ടിൽ ഇഴയുന്നവർ”..

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ്‌ സ്ഥാനാർത്ഥിയും നിലവിൽ മലപ്പുറം ഡി.സി.സി പ്രസിഡന്റുമായ വ്യക്തിയെകുറിച്ച്‌,അൽപ്പം മുൻപ്‌ കെ.പി.സി.സി അംഗവും കഴിഞ്ഞ തവണത്തെ യു.ഡി.എഫ്‌ സ്ഥാനാർത്ഥിയുമായിരുന്ന ആര്യാടൻ ഷൗക്കത്ത്‌ അദ്ദേഹത്തിന്റെ സ്വന്തം ഫേസ്‌ ബുക്ക്‌ പേജിൽ കുറിച്ച വാക്കുകളാണിത്‌..

 

തിരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ തന്നെ യു.ഡി.എഫ്‌ സ്ഥാനാർത്ഥി ബി.ജെ.പിയുമായി.

കൂട്ടുകച്ചവടം നടത്തിയ വിവരങ്ങൾ ലഭിച്ചിരുന്നു. മണ്ഡലത്തിലെ പ്രമുഖ ബി.ജെ.പി. നേതാവിന്റെ വീട്ടിൽ വച്ച് യു.ഡി.എഫ്. സ്ഥാനാർത്ഥിയും ബി.ജെ.പി. നേതൃത്വവും രണ്ടുതവണ നേരിട്ട് ചർച്ചയും നടത്തിയിരുന്നു. കൃത്യമായ വോട്ടുകച്ചവടം യു.ഡി.എഫ്. സ്ഥാനാർത്ഥി ബിജെപിയും തമ്മിൽ നടത്തിയിട്ടുണ്ട്. അത്  ഷൗക്കത്തിന്റെ വാക്കുകളിൽ കൂടി ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്, ” ഇങ്ങനെയാണ് പി. വി. അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ദേശീയ പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസിന്റെ ഡി.സി.സി. പ്രസിഡന്റിന്റെ വർഗ്ഗീയതയുടെ കപടമുഖം ചർച്ച ചെയ്യപ്പെടണം. അതിന് വേണ്ടിയാണ് ഈ പോസ്റ്റ്‌. കാരണമായത്‌ കോൺഗ്രസ്‌ നേതാവിന്റെ പോസ്റ്റാണെന്നതും യാദൃശ്ചികം,” അൻവർ കുറിച്ചു.

 

ഇതിന് കോൺഗ്രസ് സംസ്ഥാന നേതൃത്വം മറുപടി പറയണമെന്നും അൻവർ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. “ഈ വർഗീയ കൂട്ടുകെട്ടിനെകുറിച്ച് പരസ്യമായി പറഞ്ഞത് പി.വി. അൻവർ മാത്രമല്ല. ഞാൻ പറഞ്ഞതിനെ സാധൂകരിക്കുന്ന ആരോപണങ്ങൾ ഇപ്പോൾ ഉയർത്തിയിരിക്കുന്നത് കെ.പി.സി.സി. അംഗം കൂടിയായ ആര്യാടൻ ഷൗക്കത്ത് ആണ്, “പി വി അൻവർ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

 

എന്നാൽ കൂടുതൽ പ്രതികരണങ്ങൾക്ക് ആര്യാടൻ ഷൗക്കത്ത്  തയ്യാറായിട്ടില്ല. ആര്യാടൻ ഷൗക്കത്തിന്റെ ഫേസ്ബുക് പോസ്റ്റിനോടും പി.വി. അൻവർ ഉയർത്തിയ ആരോപണങ്ങളോടും ആക്ഷേപങ്ങളോടും ഇപ്പോൾ പ്രതികരിക്കേണ്ട എന്ന നിലപാടിലാണ് നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയും മലപ്പുറം ഡി.സി.സി. പ്രസിഡണ്ടുമായ വി. വി.  പ്രകാശ്.