നാളെ മുതൽ നാലുവരെ ഒത്തുചേരലുകൾ ഉണ്ടാകരുതെന്ന് ഹൈക്കോടതി

കൊച്ചി: മേയ് ഒന്നു മുതല്‍ നാലുവരെ ഒത്തുചേരലുകള്‍ ഉണ്ടാകരുതെന്ന് ഹൈക്കോടതി. ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കണം. തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനമോ കൂടിച്ചേരലോ പാടില്ല. പൊലീസും ജില്ലാ ഭരണകൂടവും ഇത് ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു മേയ് 4 മുതൽ 9 വരെ ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ശനി, ഞായർ ദിനങ്ങളിൽ ഏർപ്പെടുത്തിയതിനു തുല്യമായ കടുത്ത നിയന്ത്രണമാകും നടപ്പാക്കുക. ഇവ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

ജനജീവിതം കാര്യമായി തടസ്സപ്പെടുത്താതെ തന്നെ സഞ്ചാരവും ആൾക്കൂട്ടവും ഒഴിവാക്കുകയാണു ലക്ഷ്യം. സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്നതു സംബന്ധിച്ചു പിന്നീടു തീരുമാനിക്കും. സിനിമ, സീരിയൽ, ഡോക്യുമെന്ററി ഷൂട്ടിങ് നിർത്തിവച്ചു.