കടുത്ത പൂട്ട്: യാത്രയ്‌ക്ക് കർശന വിലക്ക്, അത്യാവശ്യ യാത്രകൾക്ക് പൊലീസ് പാസ് നിർബന്ധം

തിരുവനന്തപുരം: ഇന്നു മുതൽ ഒൻപതു ദിവസം നീളുന്ന സമ്പൂർണ കൊവിഡ് ലോക്ക്ഡൗണിൽ, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചും ഇളവുകളിൽ ചിലത് പിൻവലിച്ചും പ്രതിരോധം ശക്തമാക്കി സർക്കാർ. ലോക്ക്ഡൗൺ ഫലപ്രദമാകണമെങ്കിൽ കടുത്ത നിയന്ത്രണം ആവശ്യമാണെന്ന പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഇത്.

അത്യാവശ്യ യാത്രകൾക്കും പൊലീസ് പാസ് നിർബന്ധം. ഒഴിവാക്കാനാകാത്ത വിവാഹ, മരണാനന്തര ചടങ്ങുകൾക്കു മാത്രമെ ജില്ല വിട്ട് യാത്ര ചെയ്യാവൂ. ഇതിന് പ്രത്യേക പാസ് ഇല്ല. തിരിച്ചറിയൽ കാർഡും സത്യവാങ്മൂലവും വിവാഹത്തിനെങ്കിൽ ക്ഷണക്കത്തും കൈവശം വേണം.

ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്ട്രേഷൻ നിർബന്ധം. അല്ലെങ്കിൽ പതിനാലു ദിവസം സ്വന്തം ചെലവിൽ ക്വാറന്റൈനിൽ കഴിയണം.

അന്യസംസ്ഥാന തൊഴിലാളികൾ കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി, കരാറുകാരൻ തന്നെ നിർമ്മാണ സ്ഥലത്ത് താമസവും ഭക്ഷണവും നൽകണം. അഥവാ നാട്ടിലേക്ക് യാത്രാസൗകര്യമൊരുക്കണം. ആവശ്യമുള്ളവർക്ക് ഭക്ഷണമെത്തിക്കാൻ വാർഡ് തലത്തിൽ സമൂഹ അടുക്കളകളും, അല്ലാത്തയിടങ്ങളിൽ ജനകീയ ഹോട്ടലുകളും തുടങ്ങും. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാനത്ത് 25,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യാത്രയ്ക്ക് അനുമതി

 

അവശ്യ സേവന വിഭാഗം, ആശുപത്രി ജീവനക്കാർ ഫയർ ഫോഴ്സ്, പാചകവാതക വിതരണക്കാർ മെഡിക്കൽ സ്റ്റോർ, ലാബ് ജീവനക്കാർ മാദ്ധ്യമ പ്രവർത്തകർ, പത്രവിതരണം കോടതിയിൽ ഹാജരാകേണ്ട അഭിഭാഷകർ  കോടതി ക്ളാർക്കുമാർ, രോഗികളെ പരിചരിക്കുന്നവർ

 

ശ്രദ്ധിക്കേണ്ട നിയന്ത്രണങ്ങൾ

 

ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ റസ്റ്റോറന്റുകളിൽ രാവിലെ 7 മുതൽ വൈകിട്ട് 7.30 വരെ പാഴ്സൽ മാത്രം റേഷൻകട, അവശ്യസാധന കടകൾ രാവിലെ 6 മുതൽ വൈകിട്ട് 7.30 വരെ തട്ടുകടകൾ തുറക്കരുത്. മീൻപിടിത്ത തുറമുഖങ്ങളിൽ ലേലം പാടില്ല ചിട്ടി, വായ്പാ സ്ഥാപനങ്ങൾ വീടുകളിലെത്തി തവണ പിരിക്കരുത് വാഹന വർക്ക്ഷോപ്പുകൾ ശനി, ഞായർ മാത്രം

പൊലീസ് പാസ് എങ്ങനെ

 

പൊലീസ് സ്റ്റേഷനിൽ നിന്നോ കൊവിഡ് ഡ്യൂട്ടിയുള്ള പൊലീസ് ഓഫീസറിൽ നിന്നോ ലഭിക്കും പൊലീസ് പാസിനുള്ള ഓൺലൈൻ സംവിധാനം ഇന്നു വൈകിട്ടു മുതൽ വീട്ടുജോലിക്കാർക്കും കൂലിപ്പണിക്കാർക്കും ഇന്നത്തേക്ക് സത്യവാങ്മൂലം മതി, പാസ് വേണ്ട