കോവിഡ് പ്രതിരോധം അടിയന്തിര നടപടി സ്വീകരിക്കണം: സിപിഐ

ജില്ലാ ആശുപത്രികളായ തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ഒക്‌സിജന്‍ ബെഡ്ഡുകളും വെന്റിലേറ്ററും സജ്ജമാക്കുക, താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രികള്‍ ഘട്ടം ഘട്ടമായി കോവിഡ് ചികിത്സ കേന്ദ്രങ്ങളാക്കുക,

മലപ്പുറം : ഗുരുതരമായ കോവിഡ് സാഹചര്യം നേരിടാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ പ്രതിദിനമുള്ള കോവിഡ് രോഗികളുടെ വര്‍ദ്ധനവ് ആശങ്കപ്പെടുത്തുന്നതാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ മരണവും ഉയരുകയാണ്. പൊന്നാനി മുതല്‍ നിലമ്പൂര്‍ വരെയുള്ള രോഗികളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രയാസപ്പെടുകയാണ്. തീവ്ര പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ചികിത്സ ഉറപ്പു വരുത്താനും ജീവന്‍ നിലനിര്‍ത്താനും അടിയന്തിര നടപടികള്‍ ആവശ്യമായി വന്നിരിക്കയാണ്.

ജില്ലാ ആശുപത്രികളായ തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ഒക്‌സിജന്‍ ബെഡ്ഡുകളും വെന്റിലേറ്ററും സജ്ജമാക്കുക, താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രികള്‍ ഘട്ടം ഘട്ടമായി കോവിഡ് ചികിത്സ കേന്ദ്രങ്ങളാക്കുക, ആശുപത്രികളില്‍ ഒക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തുക, പരിശോധനാ കിറ്റുകളുടെ ദൗര്‍ലഭ്യം പരിഹരിക്കുക, ജനസംഖ്യാനുപാതികമായി വാക്‌സിന്‍ ലഭ്യമാക്കുക, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഗ്രാന്റ് ഏകോപിപ്പിച്ച് ബ്ലോ ക്ക് തലത്തിലുള്ള ആശുപത്രികളില്‍ കോവിഡ് ചികിത്സ ലഭ്യമാക്കുക , നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കുക, കോവിഡ് പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നല്‍കിയത്.