തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികള്‍ ഒരു ലക്ഷത്തില്‍ താഴെ; മരണം 2,219; ചികിത്സയിലുളളവര്‍ 12 ലക്ഷത്തിലേക്ക്

രാജ്യത്ത് പരമാവധി പേർ വാക്‌സിൻ സ്വീകരിച്ചാൽ മാത്രമേ നിയന്ത്രണങ്ങൾ പൂർണമായും നീക്കാൻ കഴിയൂ എന്ന് നേരത്തെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

​ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം തുടർച്ചയായ രണ്ടാംദിവസവും ഒരു ലക്ഷത്തിന് താഴെ. പുതുതായി 92,596 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2,219 മരണമാണ് 24 മണിക്കൂറിനിടെ സംഭവിച്ചത്. റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളിൽ 66 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12,31,415 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 1,62,664 ലക്ഷം പേരാണ് 24 മാത്രം രോഗമുക്തരായത്. ഇതുവരെ 3,53,528 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 23,90,58,360 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ജൂണ്‍ 8 വരെ 37,01,93,563 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) അറിയിച്ചു. ഇതില്‍ 19,85,967 സാംപിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചവയാണ്.

അതേസമയം, രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനങ്ങൾ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന ഗുജറാത്ത് തുടങ്ങി പത്തിലധികം സംസ്ഥാനങ്ങളിൽ ജനജീവിതം പതിയെ സജീവമാകുന്നുണ്ട്. തമിഴ്‌നാട്, കർണാടക, ബംഗാൾ, അസം, കേരളം തുടങ്ങി സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ തുടരുകയാണ്.

മിക്ക സംസ്ഥാനങ്ങളിലും ആഘോഷങ്ങൾക്കുള്ള നിയന്ത്രണങ്ങൾ അതേപടി തുടരുന്നുണ്ടെന്ന് കേന്ദ്രസർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. രാജ്യത്ത് പരമാവധി പേർ വാക്‌സിൻ സ്വീകരിച്ചാൽ മാത്രമേ നിയന്ത്രണങ്ങൾ പൂർണമായും നീക്കാൻ കഴിയൂ എന്ന് നേരത്തെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.