മന്ത്രവാദത്തിൻെറയും വ്യാജ ചികിത്സയുടെയും മറവില്‍ ലൈംഗികാതിക്രമം; മനുഷ്യാവകാശ കമീഷൻ അംഗം പിടിയിൽ.
കൂറ്റനാട്: പപാലക്കാട് മന്ത്രവാദത്തിൻെറയും വ്യാജ ചികിത്സയുടെയും മറവില്‍ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. കറുകപുത്തൂര്‍ പള്ളിപ്പടി ഓടംപുള്ളി ഹസ്സൻ തങ്ങളെയാണ് (34) ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ 28നാണ് കുടുംബ പ്രശ്നം പരിഹരിക്കാൻ ചാലിശ്ശേരി കറുകപുത്തൂരിലെ ഹസ്സൻ തങ്ങളുടെ വീട്ടിൽ യുവതി എത്തിയത്. മന്ത്രവാദത്തിനും വ്യാജ ചികിത്സക്കുമായി ഒരുക്കിയ വീടിനോട് ചേർന്ന മുറിയിൽ ഇയാൾ യുവതിക്ക്നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. ഇവിടെ നിന്നും ഇറങ്ങിയോടിയ യുവതി ചാലിശ്ശേരി പൊലീസിൽ പരാതി നൽകി.
മുറിയിൽ നിന്ന് ഗര്‍ഭനിരോധന ഉറകളും മറ്റും പൊലീസ് കണ്ടെടുത്തു. അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ പ്രവാസി വിങ് സ്റ്റേറ്റ് പ്രസിഡൻറ് എന്ന ഐ.ഡി കാർഡും കണ്ടെത്തി. യോഗ്യതയില്ലാതെ ചികിത്സ നടത്തൽ, സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍, പീഡനം തുടങ്ങിയവക്ക് കേസെടുത്തതായി പൊലീസ് പറഞ്ഞു.
ഭർത്താവുപേക്ഷിച്ചവരും കുടുംബവഴക്കിനെ തുടർന്നും മറ്റും വേറിട്ട് ജീവിക്കുന്നവരുമായ സ്ത്രീകളെ മാനസിക ചികിത്സക്കെന്ന പേരിലാണ് ഇയാൾ ഇവിടെ എത്തിച്ചിരുന്നത്. ദേശീയ മനുഷ്യാവകാശ കമീഷൻ അംഗമെന്ന വ്യാജേനയാണ് ഇയാൾ വിലസിയിരുന്നത്. ഈ ബോർഡ് വെച്ച വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. ഈ വാഹനവും പൊലീസ് പിടിച്ചെടുത്തു.
ഇയാളെക്കുറിച്ച് മുമ്പും ആക്ഷേപങ്ങളുണ്ടായിരുന്നെങ്കിലും അടുത്തിടെയായി ആരും പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല. 10 വർഷം മുമ്പ് ചങ്ങരംകുളം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.