ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ യുഡിഎഫ് പ്രവർത്തകർ വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നതായി പരാതി; സി പി ഐ എം

നഗരസഭാ കൗൺസിലർമാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ യുഡിഎഫ് കൗൺസിലറായ പി ഷാനവാസാണ് ശബ്ദ സന്ദേശം പോസ്റ്റ് ചെയ്തത്.

തിരൂർ: വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ യുഡിഎഫ് പ്രവർത്തകർ വ്യാജ ശബ്ദ സന്ദേശം വാട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്നതായി പരാതി. തിരൂർ നഗരസഭാ എൽ ഡി എഫ് കൗൺസിലറും സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗവുമായ സി നജീബുദ്ധീൻ്റെ പേരിലാണ് വ്യാജ ഗബ്ദ സന്ദേശം പ്രചരിപ്പിക്കുന്നത്.

വാക്സിൻ വിതരണം സി പി ഐ എം നേതൃത്വത്തിലാണ് നടത്തുന്നതെന്നും നമ്മുടെ പ്രവർത്തകർക്ക് ലഭിക്കാൻ കൗൺസിലർ സി നജീബുദ്ധീനുമായി ബന്ധപ്പെടണമെന്നും കഴിഞ്ഞ ദിവസം ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടിക്ക് 4 ഡോസ് വാക്സിൻ നൽകിയതായും വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നു.നഗരസഭാ കൗൺസിലർമാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ യുഡിഎഫ് കൗൺസിലറായ പി ഷാനവാസാണ് ശബ്ദ സന്ദേശം പോസ്റ്റ് ചെയ്തത്. സന്ദേശം വ്യാജമാണെന്നും ഇത് ലഭിച്ചത് വ്യക്തമാക്കണമെന്നും സി നജീബുദ്ധീൻ ആവശ്യപ്പെട്ടുവെച്ചിലും ഇത് വ്യക്തമാക്കാൻ ഷാനവാസ് തയ്യാറായില്ല. ഇതേ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി നജീബുദ്ധീൻ തിരൂർ ഡിവൈഎസ്പിയ്ക്കും നഗരസഭാ ചെയർപേഴ്സൺ, സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തുന്ന ക്രമക്കേട് പുറത്തു കൊണ്ടുവന്നതിനെ തുടർന്നാണ് ലീഗ് കോൺഗ്രസ് പ്രവർത്തകർ ഇത്തരം വ്യാജ സന്ദേശങ്ങൾ നിർമ്മിച്ച്‌ പ്രചരിപ്പിക്കുന്നതെന്നും ഇത്തരക്കാർക്കെതിരെ ഐടി ആക്റ്റ് പ്രകാരം നടപടിയെടുക്കണമെന്ന് സി പി ഐ എം ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി ആവശ്യപ്പെട്ടു. വാർത്താ സമേളനത്തിൽ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ എസ് ഗിരീഷ്, കൗൺസിലർ സി നജീമുദ്ദീൻ, സി പി ഐ എം ഏരിയാ കമ്മിറ്റി അംഗം പി പി ലക്ഷ്മണൻ, റഹീം മേച്ചേരി എന്നിവർ പങ്കെടുത്തു.