സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങളിൽ ജനങ്ങൾക്ക് മാർക്കിടാം; ആപ്പ് റെഡി

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങളുടെ ഗുണനിലവാരം ജനങ്ങള്‍ക്ക് വിലയിരുത്താനും അവലോകനം ചെയ്യാനും പുതിയ ആപ്പ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ ലക്ഷ്യമിട്ടാണ് ‘എന്റെ ജില്ല’ എന്ന ആപ്പ് പുറത്തിറക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ആപ്പിലൂടെ, പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്കു വിളിക്കാനും കഴിയും. ഓരോരുത്തരുടെയും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അവലോകനങ്ങള്‍ രേഖപ്പെടുത്താം. ഒന്ന് മുതല്‍ അഞ്ചു വരെ റേറ്റിങ് നല്‍കാനും സാധിക്കും. രേഖപ്പെടുത്തുന്ന അവലോകനം പരസ്യമായിരിക്കും.

ജനങ്ങളുടെ അഭിപ്രായങ്ങള്‍ നല്ല പ്രകടനം നടത്തുന്നവര്‍ക്ക് പ്രചോദനമാകുമെന്നും മറ്റുള്ളവരെ കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവരാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അവലോകനങ്ങള്‍ നിരീക്ഷിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിന് മേല്‍നോട്ടം വഹിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം ആപ്പ് ഉപയോഗിക്കാം. മൊബൈല്‍ നമ്പര്‍ സുരക്ഷിതമായിരിക്കും. ഉപഭോക്താവിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് താല്പര്യം ഉണ്ടെങ്കില്‍ മാത്രമേ അത് വെളിപ്പെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു