‘ഹരിത’ വിഷയം; മുസ്ലീം ലീഗിൽ പാണക്കാട് തങ്ങൾമാരുടെ വാക്ക് അവസാന വാക്കെന്ന് പി കെ .കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഹരിത നേതാക്കളോടുള്ള സമീപനം പുനപരിശോധിക്കണമെന്ന ആവശ്യം മുസ്ലീം ലീഗീൽ ശക്തമാകുന്നതിനിടെ നിലപാട് മാറ്റി പികെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങൾമാരുടെത് അവസാനവാക്കാണെന്നും തീരുമാനത്തിൽ മാറ്റമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ചർച്ചയുടെ വാതിലടഞ്ഞിട്ടില്ലെന്നും നീതി തേടിയെത്തുന്നവർക്ക് നീതി നൽകുന്നതാണ് ലീഗിന്റെ പാരമ്പര്യമെന്നും മുൻ ജനറൽ സെക്രട്ടറി കെപിഎ മജീദ് എംഎൽഎ ഇന്നലെ  ഫേസ്ബൂക്കിൽ കുറിപ്പിട്ടിരുന്നു. ചർച്ച തുടരുമെന്നു കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ്  ഹരിതയുടെ കാര്യത്തിലെടുത്ത തീരുമാനം പ്രവർത്തകസമിതി യോഗത്തിൽ പുനപരിശോധിച്ചെക്കുമെന്ന ചർച്ച ശക്തമായത്.  ഇതിൽ പാണക്കാട് സാദിഖലി തങ്ങൾ അതൃപ്തി അറിയിച്ചതോടെയാണ് പികെ കുഞ്ഞാലിക്കുട്ടി ഇന്ന് പാണക്കാട് കുടുംബത്തിന്റെ തീരുമാനം അന്തിമമാണെന്ന പ്രസ്താവനയുമായി എത്തിയത്.

ഹരിതയിൽ ഇതുവരെ എടുത്ത തീരുമാനങ്ങളെല്ലാം കൂട്ടായി തീരുമാനിച്ചെടുത്തതാണെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഹരിത വിഷയത്തിൽ  എടുത്ത തീരുമാനത്തിൽ ഒരു മാറ്റവുമില്ല. പാണക്കാട് തങ്ങൾ എടുത്ത തീരുമാനം അവസാനത്തേതാണ്. മുസ്ലീം ലീഗിൽ പാണക്കാട് തങ്ങൾമാരുടെ വാക്ക് അവസാന വാക്കാണ് എന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

തുടക്കം മുതലേ ഹരിത നേതാക്കളോട് അനുകൂല സമീപനം സ്വീകരിച്ച എം കെ മുനീർ പക്ഷെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ പിന്തുണക്കുന്നില്ല. ഹരിത നേതാക്കളെ പൂർണ്ണമായും തള്ളാതെയാണ് എം.കെ  മുനീർ  പ്രതികരിച്ചത്.  പികെ നവാസിനെ സംരക്ഷിച്ചത് പാണക്കാട് സാദിഖലി തങ്ങളാണെന്ന വിമർശനം ലീഗിലൊരു വിഭാഗത്തിനുണ്ട്. എന്നാൽ അത്തരമൊരു ചർച്ച ഉയർന്ന് വന്നാൽ ഭാവിയിൽ സംഘടനാ തീരൂമാനങ്ങളെയും ബാധിച്ചേക്കുമെന്നാണ് കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുടെ വിലയിരുത്തൽ. സാദിഖലി തങ്ങൾക്ക് കുഞ്ഞാലിക്കുട്ടി  നിരുപാധിക പിന്തുണ നൽകുന്നതും ചില ലക്ഷ്യങ്ങളോടെയാണെന്ന് ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ചന്ദ്രിക ഫണ്ടു വിവാദവുമായി  ബന്ധപ്പെട്ട് പാണക്കാട്  കുടുംബവുമായി ഉണ്ടായ അകൽച്ച മാറ്റാനും  ഈ സാഹചര്യം ഗുണകരമാവും എന്നാണ് അദ്ദേഹം കണക്ക് കൂട്ടുന്നത്.