യെച്ചൂരിയുടെ കസേരയിൽ കോടിയേരിയെ ഇരുത്താൻ കേരള ഘടകത്തിന്റെ പ്ലാൻ, അണിയറ നീക്കങ്ങൾ ശക്തം

കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കാനിരിക്കെ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത് സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി പദത്തിലേക്ക് ആരുവരും എന്നാണ്. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസോടെ സി.പി.എം അടിമുടി മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്. പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരളാഘടകം കോടിയേരി ബാലകൃഷ്ണനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർത്തികാട്ടാനുള്ള അണിയറ നീക്കങ്ങൾ ഇതിനകം തുടങ്ങിയെന്നാണ് സൂചന. ഇതോടെ സംസ്ഥാന തലത്തിൽ മാത്രമല്ല അഖിലേന്ത്യാ തലത്തിലും പിണറായി അജയ്യനാകും. രണ്ട് ഘട്ടം പൂർത്തിയാക്കിയ സീതാറാം യെച്ചൂരിക്ക് പകരക്കാരനെ കണ്ടെത്തിയെ പറ്റൂ. രാജ്യത്ത് പാർട്ടി ഭരിക്കുന്ന ഏക സംസ്ഥാനം കേരളമാണ് എന്നതുകൊണ്ട് പിണറായിയെ തള്ളിക്കളയാനും പറ്റില്ല.

ബംഗാളിലും ത്രിപുരയിലും സി.പി.എം തങ്ങളുടെ അസ്തിത്വം വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ്. അതുകൊണ്ട് തന്നെ പാർട്ടിയിൽ വളരെ ദുർബലമാണ് ഇരുസംസ്ഥാനങ്ങളിലെയും നേതാക്കളുടെ സ്ഥിതി. ഈ സാഹചര്യത്തിൽ പാർട്ടിയിൽ കൂടുതൽ പിടിമുറുക്കാനാണ് പിണറായിയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ശ്രമിക്കുക. പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എ വിജയരാഘവൻ തുടരുമെന്നത് ഏതാണ്ട് ഉറപ്പാണ്. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സിൽവർ ലൈൻ ഉൾപ്പെടെയുള്ള പദ്ധതികൾക്കെതിരെ കടുത്ത വിമർശനം വിവിധ കോണുകളിൽ നിന്നുമുയരാൻ തുടങ്ങിയ സാഹചര്യത്തിൽ അഖിലേന്ത്യാ നേതൃത്വത്തിൽ നിന്ന് ചുവപ്പുകൊടി ഉയരാതിരിക്കാൻ തങ്ങളുടെ സ്വന്തം പക്ഷക്കാരനായ കോടിയേരി അഖിലേന്ത്യാ സെക്രട്ടറി സ്ഥാനത്തു വരുന്നത് ഗുണം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും കണക്കുകൂട്ടൽ.

വൃന്ദാകാരാട്ടും പരിഗണനയിൽ

ദേശീയ തലത്തിൽ കോടിയേരിക്ക് ബദലായി വൃന്ദാകാരാട്ടിന്റെ പേരും ഉയരുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും പിന്നീട് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും പാർട്ടിയെ ശക്തമായി നയിക്കാൻ ദേശീയ തലത്തിൽ വൃന്ദയുടെ നേതൃത്വത്തിന് കഴിയുമെന്ന വാദമാണ് ഇതിന് പിന്നിൽ. കേരളത്തിൽ കെ.കെ ശൈലജയ്ക്ക് മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ട സംഭവത്തിൽ വൃന്ദ നടത്തിയ ചില പരാമർശങ്ങൾ പിണറായിയിൽ നീരസമുണ്ടാക്കിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

കോടിയേരി അഖിലേന്ത്യാ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നതിനെതിരെ നിശബ്ദപ്രചരണം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വിഭാഗം നേതാക്കൾ ഇതിനകം തുടങ്ങിയിട്ടുണ്ട്. കോടിയേരിയുടെ രണ്ടാമത്തെ മകൻ ബിനീഷ് കോടിയേരി കള്ളപ്പണ കേസിൽ ജയിലിൽ കഴിയുകയാണ്. ഇതാണ് പിണറായി വിരുദ്ധശക്തികൾ ഉയർത്തിക്കാട്ടുക. ദേശീയ തലത്തിൽ സി.പി.എമ്മിനെ അടിക്കാൻ ബി.ജെ.പിയും കോൺഗ്രസും ഇതൊരു ആയുധമാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. മക്കൾ ചെയ്യുന്ന കുത്സിത പ്രവൃത്തികൾക്ക് നേതാക്കൾ ഉത്തരവാദികളല്ലെന്ന നിലപാട് സി.പി.എം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതു എത്രകണ്ട് ദേശീയ തലത്തിൽ വിലപ്പോവുമെന്ന കാര്യത്തിൽ സംശയമുണ്ട്. ഭാഷാ വിഷയവും കോടിയേരിക്ക് നെഗറ്റീവാണ്. എന്തുതന്നെയായാലും കേരളത്തിൽ നിന്ന് കേന്ദ്ര കമ്മിറ്രിയിലേക്ക് കൂടുതൽ പേരുണ്ടാകുമെന്നത് വസ്തുതയാണ്. മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവ് മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്രകമ്മറ്റിയിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച് ജയിച്ച റിയാസ് മന്ത്രിയായത് നൽകുന്ന സൂചനയും മറ്റൊന്നല്ല.