വിവാഹത്തിലെ ഡിമാന്റുകളോട് നോ പറയാനുള്ള ധൈര്യം ആര്‍ജിക്കണം: ഗവര്‍ണര്‍

മലപ്പുറം: വിവാഹത്തിലെ ഡിമാന്റുകളോട് നോ പറയാനുള്ള ധൈര്യം പെണ്‍കുട്ടികളും കുടുംബവും ഒരു പോലെ ആര്‍ജിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മകള്‍ക്ക് നേരെയുള്ള സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മമ്പാട് സ്വദേശി പന്തലിങ്ങല്‍ മൂസക്കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ശക്തമായ നിയമങ്ങളും അതു നടപ്പിലാക്കാനുള്ള നിയമപാലകരും ഇവിടെയുണ്ട്. നിയമത്തെക്കുറിച്ച് അവബോധമുണ്ടെങ്കിലും നമ്മുടെ മനോഭാവത്തിലാണ് മാറ്റമുണ്ടാകേണ്ടത്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. മൂസക്കുട്ടിയുടെ കുടുംബത്തിന്റെ  അവസ്ഥയില്‍ അഗാധമായ ദുഃഖം ഉണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍  ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും  ഗവര്‍ണര്‍ പറഞ്ഞു.

മൂസക്കുട്ടിയുടെ വീട്ടിലെത്തിയ ഗവര്‍ണര്‍ ഭാര്യയെയും മക്കളെയും സമാശ്വസിപ്പിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. സെപ്തംബര്‍  23നാണ് പന്തലിങ്ങല്‍ സ്വദേശി, ചങ്ങാരായി മൂസക്കുട്ടി വീടിനടുത്ത റബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ചത്.  

മരുമകന്‍ അബ്ദുള്‍ ഹമീദ് മകളെ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചതായും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും മൂസക്കുട്ടി മരിക്കുന്നതിന് മുമ്പ് വ്യക്തമാകുന്ന വീഡിയോ തന്റെ മൊബൈലില്‍ ഷൂട്ട് ചെയ്തിരുന്നു. മകളുടെ പരാതിയില്‍ ഭര്‍ത്താവ് അബ്ദുള്‍ ഹമീദിനെ നിലമ്പൂര്‍ പൊലീസ് കഴിഞ്ഞ ബുധനാഴ്ച്ച അറസ്റ്റ് ചെയ്തു. അബ്ദുള്‍ ഹമീദ് റിമാന്റിലാണ്. മൂസക്കുട്ടി മരിക്കുമ്പോള്‍ നാല് ലക്ഷം രൂപ കടത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ ഗവര്‍ണറോട് പറഞ്ഞു.

അക്കൗണ്ട് നമ്പര്‍ അയച്ചുകൊടുക്കാന്‍ പറഞ്ഞതായും എന്താവശ്യത്തിനും രാജ്ഭവനുമായി ബന്ധപ്പെടണമെന്ന് അറിയിച്ചതായും കുടുംബാഗങ്ങള്‍ പറഞ്ഞു. ജില്ലാ വികസന കമ്മീഷണര്‍ പ്രേം കൃഷ്ണന്‍, ഉന്നത റവന്യൂ,  പൊലീസ്  ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ ഗവര്‍ണറോടൊപ്പം ഉണ്ടായിരുന്നു.