കിറ്റുകൾ, ജലസംഭരണികൾ, മെഡിക്കൽ സംഘം; കൂട്ടിക്കലിലേക്ക് സഹായം എത്തിച്ച് മമ്മൂട്ടി
ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട കൂട്ടിക്കലിലെ സഹോദരങ്ങൾക്ക് താങ്ങായി നടൻ മമ്മൂട്ടി. താരത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ വഴിയാണ് സഹായമെത്തിച്ചത്.
മമ്മൂട്ടിയുടെ നിർദേശപ്രകാരം ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ടും ശ്വാസകോശ രോഗ വിദഗ്ദ്ധനുമായ ഡോ. സണ്ണി പി ഓരത്തിലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ഇന്ന് രാവിലെയോടെ കൂട്ടിക്കലിലെത്തി. വിദഗ്ദ്ധ ഡോക്ടർമാരും, ആധുനിക മെഡിക്കൽ ഉപകരണങ്ങളും, മരുന്നുകളുമായാണ് സംഘം ക്യാമ്പുകളിലെത്തിയിരിക്കുന്നത്.

പത്തു കുടുംബങ്ങൾക്ക് ഒന്ന് വീതം എന്ന കണക്കിൽ നൂറു ജലസംഭരണികൾ മമ്മൂട്ടി കൂട്ടിക്കലിൽ എത്തിച്ചു. സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് വസ്ത്രങ്ങൾ, കിടക്കകൾ, പാത്രങ്ങളും ഉൾപ്പടെയുള്ള രണ്ടായിരത്തിലധികം കിറ്റുകളും വിതരണം ചെയ്തു.
ദുരന്തത്തെക്കുറിച്ച് വിശദമായി അറിയാൻ കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴയെയും സംഘത്തെയും മമ്മൂട്ടി ദുരന്തസ്ഥലത്തേക്ക് അയച്ചിരുന്നു. പ്രദേശങ്ങൾ നേരിട്ടു കണ്ടതിനു ശേഷം അവർ തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സഹായമെത്തിക്കുന്നത്.