തീപ്പെട്ടിയുടെ വില രണ്ട് രൂപയായി ഉയർത്തി; വില വർധനവ് 14 വർഷത്തിന് ശേഷം
ന്യൂഡൽഹി: രാജ്യത്ത് തീപ്പട്ടിക്ക് വില വർധിക്കുന്നു. ഒരു രൂപയിൽ നിന്ന് രണ്ട് രൂപയായി വില വർധിപ്പിക്കാൻ ശിവകാശിയിൽ ചേർന്ന തീപ്പട്ടി കമ്പനികളുടെ സംയുക്ത സംഘടനാ യോഗത്തിലാണ് തീരുമാനം. അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ വർധനവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനികളെ എത്തിച്ചത്.

നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് ഒരു രൂപയിൽ നിന്നും രണ്ട് രൂപയാക്കി വില ഉയർത്തുന്നത്. വില വർധനവ് ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഉത്പാദനച്ചെലവ് ഉയർന്നതാണ് വില വർധിപ്പിക്കാൻ കാരണമെന്ന് നിർമ്മാതാക്കൾ പറയുന്നു.

എല്ലാ തീപ്പെട്ടി നിർമ്മാണ കമ്പനികളും സംയുക്തമായാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്. നേരത്തെ 50 പൈസയായിരുന്ന വില 2007ലാണ് ഒരുരൂപയാക്കി വർധിപ്പിച്ചത്. 1995-ലാണ് വില 25 പൈസയിൽനിന്ന് 50 പൈസയാക്കിയത്.

തീപ്പെട്ടി നിർമ്മിക്കാൻ 14 വ്യത്യസ്ത അസംസ്‌കൃത വസ്തുക്കൾ ആവശ്യമാണ്. ഇതിൽ പലതിന്റെയും വില കഴിഞ്ഞ 14 വർഷത്തിനിടെ ഇരട്ടിയിലേറെ വർധിച്ചു. ഇതോടെ ഉത്പാദനച്ചെലവ് ഗണ്യമായി വർധിച്ചതായും വില വർധനവിന് കാരണമായി നിർമ്മാണ കമ്പികൾ ചൂണ്ടിക്കാണിക്കുന്നു.

ഒക്ടോബർ പത്തിന് ശേഷം തീപ്പട്ടി കൂടുണ്ടാക്കുന്ന ബോക്‌സ് കാർഡ്, പേപ്പർ, സ്പ്ലിന്റ്, തുടങ്ങിയവയ്ക്കും പൊട്ടാസ്യം ക്ലോറേറ്റിനും സൾഫറിനുമെല്ലാം വില വർധിച്ചു. ഇതിന് പുറമെ ഇന്ധന വില വർധന, ചരക്കു ഗതാഗതത്തിന്റെ ചെലവും വർധിപ്പിച്ചു. നിലവിൽ തീപ്പട്ടി കമ്പനികൾ 600 തീപ്പട്ടികളുടെ ബണ്ടിൽ 270 മുതൽ 300 വരെ രൂപയ്ക്കാണ് വിൽക്കുന്നത്. ഓരോ ബണ്ടിലിന്റെയും നിർമ്മാണ ചെലവ് 430 മുതൽ 480 വരെയായെന്ന് കമ്പനികൾ പറയുന്നു. തമിഴ്‌നാട്ടിൽ നാല് ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന സെക്ടർ കൂടിയാണിത്.

ഓൾ ഇന്ത്യ ചേംബർ ഓഫ് മാച്ച് ഇൻഡസ്ട്രീസ് അംഗങ്ങളും കോവിൽപെട്ടി, സാത്തൂർ, ഗുഡിയാത്തം, ധർമപുരി, കൃഷ്ണഗിരി എന്നിവിടങ്ങളിലെ നിർമ്മാതാക്കളുടെ സംഘടനകളുമാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്.