മുല്ലപ്പെരിയാറില്‍ വീണ്ടും ജലനിരപ്പ് വര്‍ധിച്ചു; അഞ്ച് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് വര്‍ധിച്ചു. അണക്കെട്ടിലേക്കുള്ള ജലനിരപ്പ് കൂടിയതോടെ അഞ്ച് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ഇതോടെ മുല്ലപ്പെരിയാല്‍ അണക്കെട്ടില്‍ തുറന്ന ഷട്ടറുകളുടെ എണ്ണം ആറായി. ഷട്ടറുകള്‍ 60 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 3,005 ഘനയടി വെള്ളമാണ് പുറത്തേക്ക് വിടുന്നത്. 138.95 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. രാത്രി ലഭിച്ച ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം.

നേരത്തെ, ജലനിരപ്പ് കുറഞ്ഞതോടെയാണ് അണക്കെട്ടിലെ അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ ഇന്നലെ തമിഴ്നാട് അടച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് ഒന്ന്, അഞ്ച്, ആറ് ഷട്ടറുകള്‍ അടച്ചത്. സംഭരണിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെയായിരുന്നു നടപടി. ആദ്യം തുറന്ന രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ എഴുപത് സെന്റീമീറ്ററില്‍നിന്ന് 50 സെന്റീമീറ്റര്‍ ആയി കുറച്ച ശേഷം ഉച്ചയ്ക്കുശേഷമാണ് രണ്ട്, നാല് ഷട്ടറുകള്‍ അടച്ചത്. മൂന്നാം നമ്പര്‍ ഷട്ടര്‍ 20 സെന്റീമീറ്റര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു.
ഇതിനിടെ, സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപവത്കരിച്ച ഉപസമിതി അണക്കെട്ടില്‍ പരിശോധന നടത്തിയിരുന്നു. കേന്ദ്ര ജലക്കമ്മിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശരവണകുമാര്‍ അധ്യക്ഷനായ സമിതിയില്‍ ജലവിഭവ വകുപ്പിലെ എന്‍.എസ്. പ്രസീദ്, ഹരികുമാര്‍ എന്നിവര്‍ കേരളത്തിന്റെ പ്രതിനിധികളായും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇര്‍വിന്‍, കുമാര്‍ എന്നിവര്‍ തമിഴ്നാട് പ്രതിനിധികളുമായും പങ്കെടുത്തു.
ഇതിനിടെ, സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണിത്. ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞജാഗ്രതയും പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം നിലവില്‍ കന്യാകുമാരി ഭാഗത്തും സമീപപ്രദേശങ്ങളിലുമാണ്. 24 മണിക്കൂറിനുള്ളില്‍ തെക്കുകിഴക്കന്‍ അറബിക്കടലില്‍ പ്രവേശിക്കുന്ന ന്യൂനമര്‍ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്ക്, വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തിപ്രാപിച്ചേക്കും.