പരപ്പനങ്ങാടിയിൽ മൂന്നക്ക ലോട്ടറി കേന്ദ്രങ്ങളിൽ റെയ്ഡ്: രണ്ട് പേർ അറസ്റ്റിൽ
പരപ്പനങ്ങാടി: വള്ളിക്കുന്ന് അത്താണിക്കൽ, ചെട്ടിപ്പടി ഭാഗങ്ങളിൽ മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തുന്ന സ്ഥലങ്ങൾ റെയ്ഡ് ചെയ്ത് രണ്ടുപേരെ പരപ്പനങ്ങാടി പൊലീസ് പിടികൂടി. അരിയല്ലൂർ സ്വദേശി ഷാജഹാൻ (43), വേങ്ങര സ്വദേശി ഹനീഫ (47) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 4680 രൂപയും പിടികൂടി.
മൂന്നക്ക ലോട്ടറി ചൂതാട്ടത്തിന് സഹായം നൽകുന്ന കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോട്ടറി ഏജൻസിയെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതായി പൊലീസ് പറഞ്ഞു. താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ. ദാസ്, സ്ക്വാഡിലെ അംഗങ്ങളായ ആൽബിൻ, വിപിൻ, ജിനീഷ്, സബറുദ്ദീൻ, അഭിമന്യു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.