മലപ്പുറം ഊർങ്ങാട്ടിരിയിലെ മുഹമ്മദ് സൗഹാൻ എന്ന 14 കാരനെ കാണാതായിട്ട് 100 ദിവസം പിന്നിട്ടു.

മലപ്പുറം: ഊർങ്ങാട്ടിരിയിലെ പതിനാലുകാരൻ്റെ തിരോധാനത്തിന് 100 ദിവസം പിന്നിടുന്നു. വെറ്റിലപ്പാറ സ്വദേശികളായ ഹസൻകുട്ടി-മറിയുമ്മ ദമ്പതികളുടെ മകൻ മുഹമ്മദ് സൗഹാനെയാണ് കാണാതായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 14 ന് രാവിലെയാണ് അംഗവൈകല്യമുള്ള മുഹമ്മദ് സൗഹാൻ വീടിന് മുന്നിൽ നിന്ന് അപ്രത്യക്ഷനായത്. അന്നു മുതൽ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സൗഹാനെ കണ്ടെത്തുന്നതിനു വേണ്ടി അരീക്കോട് പോലീസും അന്വേഷണം ഊർജിതമാക്കിയിരുന്നു. എന്നാൽ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ സൗഹാൻ്റെ തിരോധാന കേസ് ക്രൈംബ്രാഞ്ചിനെയോ മറ്റു ഏജൻസികളെയോ ഏൽപ്പിക്കണമെന്ന് സൗഹാൻ ആക്ഷൻ കൗൺസിൽ കൺവീനർ സി അബൂബക്കർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കടക്കം പരാതി
മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവിക്കും പോലീസിൽ നിന്ന് അന്വേഷണം മാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് ആക്ഷൻ കൗൺസിൽ. മികച്ച രീതിയിൽ തന്നെ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അരീക്കോട് എസ്എച്ച്ഒ സി വി ലൈജുമോൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ കുടുംബത്തിൻ്റെ മൊഴികളിൽ ചില വൈരുധ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൻ്റെ വിശദ വിവരങ്ങൾ ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നതനുസരിച്ച് നൽകുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​അവസാനമായി കണ്ടത്
വീടിനോട് ചേർന്ന വനത്തിനു സമീപത്ത് നിന്നാണ് മുഹമ്മദ് സൗഹാനെ അവസാനമായി നാട്ടുകാരിൽ ഒരാൾ കണ്ടത്. എന്നാൽ പിന്നീട് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. സംഭവ ദിവസം വീടിന് പരിസരത്ത് നിർത്തിയിടുകയും രാത്രിയിൽ ഓടിച്ച് പോകുകയും ചെയ്ത വാഹനം കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തെരച്ചിലിനായി ഡോഗ് സ്‌ക്വാഡും എത്തിയെങ്കിലും സൗഹാനെ കണ്ടെത്താനായില്ല. നേരത്തെ അഞ്ഞൂറോളം പേർ ചെക്കുന്നൻ മലയിലും തെരച്ചിൽ നടത്തിയിരുന്നു.

​പ്രതീക്ഷ കൈവിടാതെ കുടുംബം
മുഹമ്മദ് സൗഹാനെ കണ്ടെത്താൻ വേണ്ടി പോലീസും നാട്ടുകാരും അടക്കം വലിയ രീതിയിലുള്ള തെരച്ചിൽ നടത്തിയെങ്കിലും ഒരു വിവരം ലഭിക്കാത്തത്തിൻ്റെ സങ്കടത്തിലാണ് രക്ഷിതാക്കളും മറ്റു കുടുംബാംഗങ്ങളും. കുട്ടി തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് സൗഹാന്റെ കുടുംബം. സംസ്ഥാനത്ത് തന്നെ ആദ്യമായിരിക്കും ഒരു കുട്ടിയെ കണ്ടെത്തുന്നതിനു വേണ്ടി നാടടക്കം തെരച്ചിൽ നടത്തുന്നത്. അംഗവൈകല്യമുള്ള കുട്ടി എങ്ങോട്ടാണ് പോകുന്നതെന്ന ചോദ്യം നാട്ടുകാരെയും പോലീസിനെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. കേസിൽ മറ്റെന്തെങ്കിലും ദുരൂഹതകൾ ഉണ്ടോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്.