യുക്രൈൻ യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്ന് പെട്രോളിയം മന്ത്രി

ന്യൂഡൽഹി: യുക്രൈൻ യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പൂരി. ഇന്ധനവില തീരുമാനിക്കുന്നത് എണ്ണക്കമ്പനികളാണെന്നും എന്നാൽ ഇന്ധനലഭ്യത സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധനവില സർക്കാർ പിടിച്ചു നിർത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലെ സംസ്ഥാന തെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന വില വർധനവിനൊരുങ്ങിയിരിക്കുകയാണ്‌ പെട്രോളിയം കമ്പനികൾ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 130 ഡോളർ പിന്നിട്ട സാഹചര്യത്തിലാണ് ഇന്ധന വില വർധിപ്പിക്കുന്നത്. യുക്രൈൻ-റഷ്യ യുദ്ധം രൂക്ഷമായതാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കൂടാൻ കാരണം.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് ഉണ്ടായ വർധനവ് ഇന്ത്യയിലെ പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിലും പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. മാർച്ച് 16നകം 12 രൂപ പെട്രോളിയം ഉൽപന്നങ്ങൾക്ക് വർധിപ്പിക്കണമെന്ന പമ്പ് ഉടമകളുടെ ആവശ്യവും സർക്കാരിന് മുന്നിലുണ്ട്. ഫിസ്ക്കൽ കമ്മി കുറയ്ക്കുന്ന നിലപാട് സ്വീകരിക്കുമെന്ന് ബജറ്റിന് പിന്നാലെ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കൂട്ടേണ്ടി വരും. 15 മുതൽ 22 രൂപ വരെയാണ് ഒരു ലിറ്റർ പെട്രോളിനും ഡീസലിനും പ്രതീക്ഷിക്കുന്ന വില വർധന. പാചക വാതക സബ്സിഡി പുനഃസ്ഥാപിക്കണമെന്നുള്ള ആവശ്യവും ഇതോടെ സർക്കാർ തള്ളിയേക്കും. രൂപയുടെ മൂല്യത്തകർച്ചയും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. യുക്രൈന്‍-റഷ്യ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ പണപ്പെരുപ്പവും അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകും.

ഇന്ധനവില വർധനയിൽ മോദി സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം മറ്റന്നാൾ നടക്കാനിരിക്കെയാണ് രാഹുലിന്റെ പരിഹാസം. തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കുകയാണെന്നും ഉടൻ പെട്രോൾ ടാങ്കുകൾ നിറച്ചോളൂ എന്നും രാഹുൽ ട്വീറ്റ് ചെയ്തു. ”മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കാൻ പോവുന്നു. പെട്രോൾ ടാങ്ക് ഉടൻ നിറയ്ക്കുക”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ഇന്ധനവില വർധന ഉണ്ടായിരുന്നില്ല. ഇന്ധന നികുതി കുറയ്ക്കുകയും ചെയ്തിരുന്നു. നേരത്തെയും തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ഇന്ധനവില വർധന നിർത്തിവെച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വീണ്ടും വില വർധിപ്പിക്കുകയായിരുന്നു.