കാലിക്കറ്റ് സര്‍വകലാശാലയിലെ പീഡന ആരോപണം; അധ്യാപകനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

മലപ്പുറം: വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ഇംഗ്ലീഷ് പഠനവകുപ്പ് അസി. പ്രൊഫ. ഡോ. കെ. ഹാരിസിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. വിദ്യാര്‍ഥിനിയുമായി ലൈംഗിക ചുവയോടെയുള്ള വാട്‌സ്‌ ആപ്പ് ചാറ്റിംഗ് അടക്കം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത ഹാരിസ് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഇതിനിടയിലാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം.

വിദ്യാര്‍ത്ഥിനിയെ ലൈഗിക അതിക്രമണത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതിയായ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അധ്യാപകനെ തേഞ്ഞിപ്പലം പോലീസാണ് അറസ്റ്റ് ചെയ്തിരുന്നത്.
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. കേസില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിന് 354 വകുപ്പ് പ്രകാരമാണ് തേഞ്ഞിപ്പലം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

അധ്യാപകന്റെ അറസ്റ്റ് വൈകുന്നതില്‍ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും പ്രഖ്യാപിച്ചിരുന്നു.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍കൂടിയായ ഹാരിസ് കോടമ്പുഴയയെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും സര്‍വീസില്‍നിന്നും പുറത്താക്കിയ തീരുമാനമാണ് ഇന്നുണ്ടായത്.

ഹാരിസിനെതിരെ ഒരു വിദ്യാര്‍ഥിനി വൈസ് ചാന്‍സിലര്‍ക്കും വകുപ്പ് തലവനും നല്‍കിയ പരാതിയിലാണ് നടപടി. ഈ വിദ്യാര്‍ഥിനിക്കു പിന്നാലെ ഇദ്ദേഹത്തിനെതിരെ കൂടുതല്‍
പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. പരാതി ഇന്റേണല്‍ കംപ്ലയിന്റ് സെല്ലിലേക്ക് സമര്‍പ്പിക്കുകയും സെല്ലിന്റെ ശുപാര്‍ശ അനുസരിച്ച് ഹാരിസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തതെന്ന് കാലിക്കറ്റ് സര്‍വകലാശാല റജിസ്ട്രാര്‍ നേരത്തെ അറിയിച്ചിരുന്നത്. മുമ്പ് കോച്ചിംഗ് സെന്റര്‍ നടത്തിയിരുന്ന പ്രതി വിവാഹമോചിതനാണ്. ഇയാള്‍ക്കെതിരെ മറ്റ് ചില ഗുരുതര ആരോപണങ്ങളും ഉയര്‍ന്ന് വന്നിരുന്നു.