പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സി.പി.എം. പ്രവർത്തകനും സഹോദരനും അറസ്റ്റിൽ. വിളയോടി പാറക്കളം സ്വദേശികളായ ഡിവൈഎഫ്‌ഐ പ്രദേശിക നേതാവ് അജീഷ്, സഹോദരൻ അജയ്‌ഘോഷ് എന്നിവരാണ് പിടിയിലായത്. മീനാക്ഷിപുരം പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

അജീഷ്  ചിന്ത വായനശാലാ ഭാരവാഹിയുമാണ്. സഹോദരൻ അജയ്‌ഘോഷ് എസ്എഫ്‌ഐ പ്രവർത്തകനാണ്. കുട്ടിക്ക് സ്‌കൂളിൽ നൽകിയ കൗൺസിലിങ്ങിനിടെയാണ് പീഡനവിവരം പുറത്ത് അറിയുന്നത്. കഴിഞ്ഞ ഒരു വർഷമായി പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം വൈദ്യപരിശോധനയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കാൻ എത്തിക്കവേ അജയ്ഘോഷ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. വിലങ്ങ് അഴിച്ച ഉടൻ കോടതിയുടെ മതിൽചാടി സമീപത്തെ ട്രാൻസ്‌ഫോർമറിൽപ്പിടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു.കൈയ്‌ക്ക് പൊള്ളലേറ്റ യുവാവിന് ചിറ്റൂർ താലൂക്കാശുപത്രിയിൽ പ്രാഥമികചികിത്സ നൽകി. തുടർന്ന്, ജില്ലാ ആശുപത്രിയിൽ മൂന്ന് മണിക്കൂറോളം നീരീക്ഷണത്തിൽവെച്ച ശേഷം ജയിലിലേക്ക് മാറ്റി.