തുർക്കി ഇസ്താംബുളിൽ സ്ഫോടനം: ആറ് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

തുർക്കി ഇസ്താംബുളിലുണ്ടായ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. തിരക്കേറിയ ഷോപ്പിംഗ് സ്‌ട്രീറ്റായ ഇസ്തിക്ലാലിലാണ് സ്‌ഫോടനം ഉണ്ടായത്. 12ൽ അധികം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. രാജ്യത്തെ ബന്ധപ്പെട്ട യൂണിറ്റുകൾ സ്ഫോടനത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പ്രസിഡന്റ് റെജപ് തയ്യിപ്‌ എർദ്വാൻ അറിയിച്ചു.

സംഭവസ്ഥലത്ത് പൊലീസും സുരക്ഷാ സേനയും ക്യാമ്പ് ചെയ്യുകയാണ്. സ്ഫോടന സ്ഥലത്ത് നാല് പേർ നിൽക്കുന്നതു കണ്ടെന്ന് ദൃക്സാക്ഷിയായ സെമൽ ഡെനിസി പറയുന്നു. “ഞാൻ സംഭവസ്ഥലത്ത് നിന്ന് 50-55 മീറ്റർ അകലെയാണ് നിന്നിരുന്നത്. അപ്പോഴാണ് സ്ഫോടനത്തിന്റെ ഉ​ഗ്രശബ്ദം കേട്ടത്. മൂന്നോ നാലോ ആളുകൾ അവിടെ നിൽക്കുന്നത് ഞാൻ വ്യക്തമായി കണ്ടിരുന്നു. ആളുകൾ പരിഭ്രാന്തരായി ഓടുകയായിരുന്നു. സ്ഥലത്താകെ കറുത്ത പുകയുണ്ടായിരുന്നു”- സെമൽ ഡെനിസി എഎഫ്പിയോട് പറഞ്ഞു.

സ്‌ഫോടനത്തിന്റെ കാരണം എന്താണെന്നതിനെപ്പറ്റി കൃത്യമായ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. തുടർ സ്ഫോടനങ്ങൽ ഉണ്ടാകുമോ എന്ന ഭയത്തിലാണ് സമീപവാസികൾ. അതുകൊണ്ടുതന്നെ സ്ഫോടനത്തിൽ തകർന്ന പ്രദേശത്തേക്ക് ആളുകൾ പ്രവേശിക്കുന്നത് കർശനമായി തടഞ്ഞിരിക്കുകയാണ് പൊലീസ്. സ്ഫോടനമുണ്ടായ സ്ഥലത്ത് സുരക്ഷാ സേന തമ്പടിച്ചിരിക്കുകയാണ്.

പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും കൊണ്ടുനിറഞ്ഞ പ്രശസ്തമായ ഇസ്തിക്ലാൽ ഷോപ്പിംഗ് സ്ട്രീറ്റിൽ വൈകുന്നേരം നാല് മണിക്കാണ് സ്ഫോടനമുണ്ടായത്. സ്ഫോടന സമയത്ത് പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നത് കാണാം.