സൂപ്പർ താരങ്ങളെ ഒരു വിസിലിൽ നിയന്ത്രിക്കും; ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതാ റെഫറിമാരും

ഫുട്‌ബോൾ ഗ്രൗണ്ടിൽ അവസാന വാക്ക് റഫറിയുടേതാണ്. സൂപ്പർ താരങ്ങളെ നിയന്ത്രിക്കാൻ ലോകകപ്പിൽ ഇത്തവണ വനിതാ റഫറിമാരും ഉണ്ട്. ചരിത്രം കുറിച്ച് കൊണ്ട് 3 വനിതാ റഫറിമാരാകും മത്സരങ്ങൾ നിയന്ത്രിക്കുക.

 

ഫുട്‌ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ റഫറിമാരെ ഉൾപ്പെടുത്തിയത്. ഫ്രാൻസിൽ നിന്ന് സ്റ്റെഫാനി ഫ്രാപ്പാർട്ട്, റുവാണ്ടയിൽ നിന്ന് സലീമ മുകാൻസംഗ, ജപ്പാനിൽ നിന്ന് യോഷിമ യമാഷിത. സൂപ്പർ താരങ്ങളെ വരെ ഒരു വിസിലിൽ ഇവർ നിയന്ത്രിക്കും.

 

ചില്ലറക്കാരല്ല മൂന്ന് പേരും. 2009 മുതൽ ഫിഫ ഇന്റർ നാഷണൽ റഫറിമാരുടെ പട്ടികയിൽ സ്റ്റെഫാനി ഫ്രാപ്പാർട്ട് ഉണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നിയന്ത്രിക്കുന്ന ആദ്യ വനിതയായി. 3 വർഷം മികച്ച വനിതാ റഫറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 

ജനുവരിയിൽ നടന്ന ആഫ്രിക്കൻ നേഷൻ സ് കപ്പിൽ റഫറിയാക്കുന്ന ആദ്യ വനിതയായി സലീമ മുകാൻ സംഗ. വനിതാ ലോകകപ്പ് , വിമൻസ് ചാമ്പ്യൻ സ് ലീഗ് തുടങ്ങിയ വമ്പൻ ടൂർണമെന്റുകൾ നിയന്ത്രിച്ച അനുഭവ സമ്പത്തുമുണ്ട്.

 

2019 ലെ വനിതാ ലോകകപ്പിലും 2020 ലെ സമ്മർ ഒളിമ്പിക്‌സിലും കളി നിയന്ത്രിച്ച പരിചയവുമായാണ് യോഷിമ യമാഷിത എത്തുന്നത്. എഎഫ്‌സി ചാമ്പ്യൻ സ് ലീഗിൽ ഉൾപ്പെടെ അനുഭവ പരിചയമുണ്ട്.

ഇവരെ കൂടാതെ ബ്രസീലിൽ നിന്നുള്ള ന്യൂസ ബാക്ക് , മെക്‌സിക്കോയിൽ നിന്നുള്ള കാരെൻ ഡിയാസ് മദീന, അമേരിക്കയിൽ നിന്നുള്ള കാതറിൻ നെസ്ബിറ്റ് എന്നീ വനിതാ അസിസ്റ്റന്റ് റഫറിമാരും ഖത്തറിലുണ്ടാകും.