‘ഞങ്ങള്‍ അര്‍ജന്റീനയെ ഒരുപാട് സ്‌നേഹിക്കുന്നവരാണ് സര്‍, 3 മണിക്ക് സ്‌കൂള്‍ വിടണം’; വൈറലായി കത്ത്
സര്‍, അര്‍ജന്റീനയെ ഒരുപാട് സ്‌നേഹിക്കുന്ന ഞങ്ങള്‍ക്ക് കളി കാണാന്‍ 3 മണിക്ക് സ്‌കൂള്‍ വിടാമോ? പ്രധാനാധ്യപന് അര്‍ജന്റീന ഫാന്‍സ് എച്ച്എസ്എസ് എന്ന പേരില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ ഈ കത്ത് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഹയര്‍സെക്കന്ററി സ്‌കൂളിലെ അര്‍ജന്റീന ഫാന്‍സിന്റെ മനസിലാണ് കളി കാണാനായി അവധി കിട്ടാന്‍ ഇത്തരമൊരു ആശയം ഉദിച്ചത്.
3.30ന് നടക്കുന്ന അര്‍ജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള കളി കാണാന്‍ 3 മണിക്കെങ്കിലും സ്‌കൂള്‍ വിടണമെന്നാണ് കുട്ടികളുടെ അഭ്യര്‍ത്ഥന. അര്‍ജന്റീനയെ സ്‌നേഹിക്കുന്ന ഞങ്ങള്‍ക്ക് ഈ കളി കാണല്‍ അനിവാര്യമാണെന്ന് തോന്നുന്നുവെന്നാണ് കത്തിലെ സത്യസന്ധമായ വാക്കുകള്‍. ഒന്‍പതാം ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് നിവേദനം നല്‍കാനുള്ള നീക്കത്തിന് നേതൃത്വം നല്‍കിയത്.
‘സാധാരണ 3.45നാണ് സ്‌കൂള്‍ വിടുന്നത്. കളി കാണാന്‍ പറ്റില്ലല്ലോ എന്ന വിഷമം ഞങ്ങളുടെ സാറിനോട് പറഞ്ഞപ്പോള്‍ സാറാണ് നിങ്ങളുടെ ആവശ്യം നിവേദനമായി എഴുതി പ്രധാനാധ്യാപകന് കൊടുക്കാന്‍ പറഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല എല്ലാ ക്ലാസിലും കയറിയിറങ്ങി കുട്ടികളെക്കൊണ്ട് ഒപ്പൊക്കെ ഇടീപ്പിച്ചു. രണ്ട് മൂന്ന് പിരീഡിനുള്ളില്‍ 100 ഒപ്പ് ശേഖരിച്ചു’. കുട്ടികള്‍ പറയുന്നു. കുട്ടികളുടെ സ്‌പോര്‍ട്ട്‌സ്മാര്‍ സ്പിരിറ്റ് കണ്ട് സന്തോഷം തോന്നിയെന്ന് പ്രധാനാധ്യാപകന്‍ അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. 5-0ന് അര്‍ജന്റീന ജയിക്കുമെന്ന പ്രവചനവും താന്‍ കുട്ടികളോട് പറഞ്ഞു. കളി കാണാന്‍ ചെറിയ അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് സ്‌കൂള്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.