പ്രതിപക്ഷ നേതാവിന്റെ പരാമർശം വേദനിപ്പിച്ചു; എന്താണ് വിഭാഗീയത എന്ന് അറിയണം: ശശി തരൂർ

വിഭാഗീയ പ്രവർത്തനമെന്ന ആരോപണത്തിൽ വിഷമമുണ്ടെന്ന് ഡോ ശശി തരൂർ എം പി. വ്യത്യസ്‌ത പരിപാടികളിൽ പങ്കെടുത്തതിൽ എന്താണ് വിഭാഗീയത എന്ന് അറിയണം. പ്രതിപക്ഷ നേതാവിന്റെ പരാമർശം വേദനിപ്പിച്ചു. ആരുമായും ചർച്ചയ്ക്ക് തയ്യാറാണ്.

 

ഗ്രൂപ്പ്‌ പ്രവർത്തനം നടത്തില്ല, ഒരു ഗ്രൂപ്പിന്റെയും ഭാഗമാകാനില്ല. മലബാർ സന്ദർശനം വലിയ വാർത്തയായത് അതിശയകരമാണെന്നും ശശി തരൂർ പറഞ്ഞു. തലശ്ശേരിയിലെത്തിയ തരൂർ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി.

 

കോൺഗ്രസിലെ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു.എന്നാൽ രാഷ്ട്രീയം ചർച്ച ചെയ്തില്ല.വിശ്വപൗരനായ ഒരാൾ നേതൃരംഗത്തേക്ക് വരുന്നത് നല്ലതെന്ന് ബിഷപ്പ് കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു.

 

അതേസമയം ശശി തരൂരിനെതിരായ വി.ഡി സതീശന്റെ വിമർശനങ്ങളെ തള്ളി കെ മുരളീധരൻ രംഗത്ത് എത്തി. ശശി തരൂരിന്റേത് വിഭാഗീയ പ്രവർത്തനമല്ല. താഴെ തട്ടിൽ പ്രവർത്തിച്ചവർ മാത്രമല്ല നേതാവാകുന്നത്. ആളുകളെ വില കുറച്ച് കാണേണ്ടെന്നും ഇന്നലെ മെസിക്ക് സംഭവിച്ചത് പോലെയാവുമെന്നും മുരളീധരൻ പറഞ്ഞു.