ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്: കാലതാമസം ഒഴിവാക്കാന്‍ കര്‍മ പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ കളക്ടര്‍

ജില്ലയില്‍ ഭിന്നശേഷി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലുള്ള കാലതാമസം ഒഴിവാക്കാന്‍ കര്‍മ പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹതപ്പെട്ടവര്‍ക്ക് അധികൃതരുടെ അനാസ്ഥ മൂലം ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവരുതെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ അപേക്ഷ നല്‍കിയവരില്‍ 6176 പേര്‍ക്ക് ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റും 17,000 ത്തോളം പേര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡും നല്‍കാനുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. ഭിന്നശേഷി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കാനുള്ള അപേക്ഷകള്‍ ദ്രുതഗതിയില്‍ തീര്‍പ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും സാമൂഹ്യ സുരക്ഷാ മിഷന്റെ ഏകോപനത്തോടെ ക്യാമ്പ് അടിസ്ഥാനത്തില്‍ തീര്‍പ്പാക്കി വരുന്നതായും  ജില്ലയില്‍ ഇതുവരെ ആറ് ക്യാമ്പുകള്‍ നടത്തിയതായും അടുത്ത രണ്ടു മാസത്തേക്കുള്ള ക്യാമ്പുകള്‍ ഷെഡ്യൂള്‍ ചെയ്തതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് ഐ.ക്യു ടെസ്റ്റ് നടത്തി നാലായിരം പേര്‍ക്ക്  സര്‍ട്ടിഫിക്കറ്റ് നല്കിയിട്ടുണ്ട്. ഈ ക്യാമ്പിന് മുന്‍ഗണന നല്‍കിയതിനാലാണ് ഇടക്കാലത്ത് മെഡിക്കല്‍ ബോര്‍ഡ് അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കാലതാമസം നേരിട്ടതെന്നും അവര്‍ അറിയിച്ചു. ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ഐ.ടി മിഷന്‍ തുടങ്ങി വകുപ്പുകള്‍ ചേര്‍ന്ന് പ്രത്യേകം കര്‍മ്മ പദ്ധതി തയ്യാറാക്കി രണ്ടു മാസത്തിനുള്ളില്‍ യു.ഡി.ഐ.ഡി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം പൂര്‍ത്തീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. വാഹനാപകടത്തില്‍ പെട്ട് വൈകല്യങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് വൈകല്യ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകുന്നതായും ഇത് കോടതിയില്‍ വാഹനാപകട കേസുകള്‍ നീണ്ടു പോകുന്നതിന് കാരണമാവുന്നതായും അഡ്വ.. യു.എ ലത്തീഫ് എം.എല്‍.എ  യോഗത്തില്‍ ചൂണ്ടിക്കാട്ടി.
ജില്ലയില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം ഉയര്‍ത്തുന്നതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ശക്തമായ കാമ്പയിന്‍ സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ ഏര്‍ലി ക്യാന്‍സര്‍ ഡിറ്റക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
2019 ലെ പ്രളയത്തില്‍ തകര്‍ന്ന മങ്ങാട്ടുപുലം- ഹാജിയാര്‍ പള്ളി തൂക്കുപാലം പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് പി. ഉബൈദുല്ല എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.
പൊന്നാനിയില്‍ ഹാര്‍ബറില്‍ അടിഞ്ഞു കൂടിയ മണല്‍ അടിയന്തിരമായി ഡ്രഡ്ജ് ചെയ്ത് നീക്കം ചെയ്യുന്നതിന് 25 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കി പ്രവൃത്തി ടെണ്ടര്‍ ചെയ്തിട്ടുണ്ടെന്ന് പി. നന്ദകുമാര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പൊന്നാനി ഹാര്‍ബറിന്റെ സമഗ്രമായ വികസനം ഉറപ്പാക്കുന്നതിനുവേണ്ടി 14.21 കോടി രൂപയുടെ എസ്റ്റിമേറ്റ് പി.എം.എം.എസ്.വൈ പദ്ധതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പി.എം.എം.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.77 കോടി രൂപയുടെ ഡ്രഡ്ജിംഗ് എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും തസ്തിക നിര്‍ണയം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ടി.വി ഇബ്രാഹിം എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ജില്ലയിലെ ഹയര്‍സെക്കന്‍ഡറി ഒഴികെയുള്ള എയ്ഡഡ്  വിദ്യാലയങ്ങളിലായി നിയമിതരായ 2505 അധ്യാപകര്‍ക്ക് നിയമനാംഗീകാരം ലഭിക്കാനുണ്ടെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. 2018 വര്‍ഷത്തില്‍ ഒരാള്‍ക്കും 2019 ല്‍ 32 പേര്‍ക്കും 2020 ല്‍ 105 പേര്‍ക്കും 2021 ല്‍ 458 പേര്‍ക്കും 2022 ല്‍ 1909 പേര്‍ക്കുമാണ് നിയമനാംഗീകാരം ലഭിക്കാനുള്ളത്.
ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവൃത്തികള്‍ നടത്തുമ്പോള്‍ കിടങ്ങുകളില്‍ വാഹനങ്ങള്‍ വീണ് അപകടങ്ങളുണ്ടാവുന്നതായും ഇത്തരം സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കരാറുകാര്‍ക്ക്  നിര്‍ദ്ദേശം നല്‍കണമെന്നും പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ആവശ്യപ്പെട്ടു.
യോഗത്തില്‍ എം.എല്‍.എമാരായ പി. ഉബൈദുല്ല, ടി.വി ഇബ്രാഹിം, പി. അബ്ദുല്‍ ഹമീദ്, യു.എ ലത്തീഫ്, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യ സുരേഷ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ മൂത്തേടം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ബി ബാബു കുമാര്‍, പി.വി അബ്ദുള്‍ വഹാബ് എം.പിയുടെ പ്രതിനിധി അഡ്വ. പി അബുസിദ്ധീഖ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. കോട്പ, നവകേരളം കര്‍മപദ്ധതി തുടങ്ങിയവയുടെ അവലോകനവും യോഗത്തില്‍ നടന്നു.