വ്യാജ വാർത്തകൾ തിരിച്ചറിയാനുള്ള സാക്ഷരത സിലബസിൽ ഉൾപ്പെടുത്തണം

 

തിരൂർ: വ്യാജവാർത്തകളും ഉള്ളടക്കങ്ങളും തിരിച്ചറിയുന്നതിനുള്ള സാങ്കേതിക സാക്ഷരത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഫാക്ട്ശാലാ പരിശീലകനും ഫാക്ട്ചെക്കറുമായ ഹബീബ് റഹ്മാൻ വൈ.പി. ആവശ്യപ്പെട്ടു. ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റിവും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഫാക്ട്ശാലയുടെയും സംയുക്താഭിമുഖ്യത്തിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ മാധ്യമപഠന സ്കൂൾ സംഘടിപ്പിച്ച ‘വിവരസാക്ഷരതയുടെ അടിസ്ഥാനങ്ങൾ’ എന്ന ഫാക്ട് ചെക്കിങ്ങ് ശിൽപശാലയ്ക്ക് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. വ്യാജവാർത്തകളുടെ വർധനവ് ഏറെ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിരീക്ഷണപാടവം മുതൽ റിവേഴ്സ് ഇമേജ് സെർച്ച് ഉൾപ്പെടെയുള്ള വിഷയങ്ങൾ ശിൽപശാലയിൽ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കുള്ള പരിശീലനവും കളികളും പരിപാടിയുടെ ഭാഗമായിരുന്നു. ശിൽപശാലയിലും തുടർ പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നവർക്ക് ഈ വർഷാവസാനം ഡൽഹിയിൽവെച്ച് വിദഗ്ധ പരിശീലനം നൽകാനും ഫാക്ട്ശാലയ്ക്ക് പദ്ധതിയുണ്ട്. സ്കൂൾ ഡയറക്ടർ ഡോ.രാജീവ് മോഹൻ അധ്യക്ഷത വഹിച്ചു. ടി.പി.ജുനൈദ്, കെ.നവജിത്ത്, അനുരാഗ് കൃഷ്ണ, ടി.എസ്.ശ്രുതി, കെ.എ.മുഹമ്മദ് ജാസിം, സി.വി. നീരജ്, പി. അഖില എന്നിവർ സംസാരിച്ചു. ടി.പി.ലുഖ്മാൻ സ്വാഗതവും ഡോ. സി.എ. അർച്ചന നന്ദിയും പറഞ്ഞു.