അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; സ്പീക്കറും പ്രതിപക്ഷവും തമ്മിൽ വാക്പോര്

അടിയന്തര പ്രമേയത്തിന് തുടർച്ചയായ രണ്ടാം ദിവസവും അനുമതി നിഷേധിച്ചതോടെ സ്പീക്കറും പ്രതിപക്ഷവും തമ്മിൽ വാക്പോര്. കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി സംബന്ധിച്ച വിഷയമാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ പ്രമേയാനുമതിക്കുള്ള നോട്ടീസ് അവതരിപ്പിക്കാൻ പോലും സ്പീക്കർ അനുമതി നൽകിയില്ല.

 

കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയം ചോദ്യോത്തര വേളയിൽ ചർച്ച ചെയ്തു എന്ന വാദം ഉയർത്തിയാണ് സ്പീക്കർ പ്രമേയ അനുമതി നിഷേധിച്ചത്. ഹൈക്കോടതി കേസ് തിങ്കളാഴ്ച പരിഗണിക്കുന്നു എന്നതും ചൂണ്ടിക്കാട്ടി. തുടർച്ചയായി രണ്ടാം ദിവസവും അടിയന്തര പ്രമേയ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ പ്രതിഷേധവും സഭാ ബഹിഷ്കരണവും നടന്നു.

 

ഇതിനിടെ കഴിഞ്ഞദിവസം അടിയന്തര പ്രമേയ അനുമതി നിഷേധിച്ചത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പടർത്തുന്ന പ്രസ്താവന നടത്തുന്നുവെന്ന് സ്‌പീക്കർ വിമർശനം ഉന്നയിച്ചു. സ്പീക്കറെ മുഖ്യമന്ത്രി വിരട്ടിയതാണെന്ന് പ്രതിപക്ഷം വിമർശിച്ചു.