ഉപ്പിലിട്ടത് വിൽക്കുന്ന കടകളിലും മാർക്കറ്റുകളിലും ആരോഗ്യ വകുപ്പ് പരിശോധന

പൊന്നാനി നഗരസഭാ പരിധിയിലെ ഹോട്ടലുകൾ, ഇറച്ചിക്കടകൾ, മത്സ്യ മാർക്കറ്റുകൾ, ഉപ്പിലിട്ട ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തി. പൊന്നാനി നഗരസഭാ ആരോഗ്യ വിഭാഗവും പൊന്നാനി ഫുഡ് സേഫ്റ്റി വിഭാഗവും സംയുക്തമായാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പരിശോധനയിൽ പോരായ്മകൾ കണ്ടെത്തിയ സഫ ഹോട്ടൽ, നിളയോരപാതയിലുള്ള ഉപ്പിലിട്ട ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കേന്ദ്രങ്ങൾ എന്നിവയ്ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നൽകി. മുഴുവൻ സ്ഥാപനങ്ങൾക്കും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യമായ നിർദേശങ്ങൾ നൽകി. വൃത്തിഹീനവും ശുദ്ധിയില്ലാത്തതുമായ വെള്ളമുപയോഗിച്ചുള്ള സോഡ, കുലുക്കി സർബത്ത് മുതലായവയുടെ വിൽപ്പന നഗരസഭാ പരിധിയിൽ നിരോധിച്ചു. പൊന്നാനി നഗരസഭാ ക്ലീൻ സിറ്റി മാനേജർ പി.വി സുബ്രഹ്‌മണ്യൻ, ഫുഡ് സേഫ്റ്റി ഓഫീസർ വിനീത, നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മോഹനൻ, ഹുസൈൻ, പവിത്രൻ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.