ഓൺലൈനിലൂടെ വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; മുഖ്യമന്ത്രി

ഓൺലൈനിലൂടെ വ്യക്തിഹത്യ നടത്തുന്നവർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾക്ക് നേരെ ആരും വരില്ലെന്നാണ് ഇത്തരക്കാർ കരുതുന്നത്. ഒരു വിഭാഗം സൈബർ കേസുകളിൽ മാത്രമാണ് പ്രതികൾ പിടിയിലാകുന്നത്. വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത നടന്ന വിവിധ പരിപാടികളിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുത്തത്. സംസ്ഥാനത്തെ ആരോഗ്യരംഗത്ത് ഉണ്ടായത് വലിയ മുന്നേറ്റമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി ലിസി ആശുപത്രിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊവിഡ് കാലത്ത് കേരളം നടത്തിയ പ്രവർത്തനങ്ങളെയും മുഖ്യമന്ത്രി എടുത്തു പറഞ്ഞു.

പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനവും മുഖ്യമന്ത്രി ഇന്ന് ഉദ്‌ഘാടനം ചെയ്തു. പൊലീസിൻ്റെ പ്രവർത്തനങ്ങളിൽ ജനവിരുദ്ധമായ സമീപനം ഉണ്ടായപ്പോൾ സർക്കാർ കടുത്ത നിലപാട് എടുത്തു എന്നും ജനകീയ സേനയായി പൊലീസ് സേന മാറി എന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത ഘട്ടങ്ങളിൽ പൊലീസ് സേന ആശ്വാസമായി മാറിയെന്നും ജനമൈത്രി എന്നത് ജനങ്ങൾക്ക് അനുഭവപ്പെടുന്നതായി മാറി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.