നീണ്ട 128 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റ് വീണ്ടും ഒളിംപിക്‌സില്‍

മുംബൈ: നീണ്ട 128 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റ് വീണ്ടും ഒളിംപിക്‌സില്‍. 2028ലെ ലോസ്‌ ആഞ്ചലസ് ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താന്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ മുംബൈ യോഗം അന്തിമ അംഗീകാരം നൽകി. ഗെയിംസിലേക്ക് ക്രിക്കറ്റിന്‍റെ വരവ് ആവേശകരമാണെന്ന് ലോസ്‌ ആഞ്ചലസ് സംഘാടക സമിതി വ്യക്തമാക്കി. ലോസ്‌ ആഞ്ചലസിന് ശേഷം നടക്കുന്ന 2032ലെ ബ്രിസ്ബെൻ ഒളിംപിക്‌സിലും ക്രിക്കറ്റ് ഉൾപെടുത്താൻ സാധ്യതയുണ്ട്. ക്രിക്കറ്റിന് പുറമെ സ്‌ക്വാഷും ഒളിംപിക്‌സ് മത്സരയിനമാകുന്നത് ശ്രദ്ധേയമാണ്. പുതുതായി ആകെ അ‌ഞ്ച് മത്സരയിനങ്ങൾക്ക് ഒളിംപിക്‌സിലേക്ക് അനുമതി ഐഒസി യോഗം നല്‍കിയിട്ടുണ്ട്.

1900ലെ പാരീസ് ഒളിംപിക്‌സിലാണ് ക്രിക്കറ്റ് മുമ്പ് ഇനമായത്. ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിനായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഏറെക്കാലമായി പരിശ്രമിക്കുന്നുണ്ട്. ക്രിക്കറ്റിന്‍റെ ആഗോളസ്വീകാര്യത വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായായിരുന്നു ഇത്. എന്നാല്‍ ബിസിസിഐയുടെ വ്യത്യസ്ത നിലപാട് ഇക്കാര്യത്തില്‍ തീരുമാനം വൈകിപ്പിച്ചു. 2022ലെ ബര്‍മിംഗ്‌ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ടി20 ക്രിക്കറ്റ് മത്സരയിനമായപ്പോള്‍ വലിയ പിന്തുണ ലഭിച്ചിരുന്നു. അടുത്തിടെ അവസാനിച്ച ഏഷ്യന്‍ ഗെയിംസില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ട്വന്‍റി 20 ഫോര്‍മാറ്റില്‍ ക്രിക്കറ്റ് മത്സരയിനമായിരുന്നു. ഇതിന് പിന്നാലെ ഒളിംപിക്‌സിലും ക്രിക്കറ്റ് എത്തുന്നത് ഗെയിമിന്‍റെ പ്രചാരണം കൂട്ടും എന്നാണ് വിലയിരുത്തല്‍.

ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ ട്വന്‍റി 20 ഫോര്‍മാറ്റില്‍ പുരുഷ- വനിതാ മത്സരങ്ങള്‍ നടക്കും. ടി20 ക്രിക്കറ്റ് ഒളിംപിക്‌സ് മത്സര ഇനമാക്കണമെന്ന വാദത്തെ പിന്തുണച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഒരിക്കല്‍ രംഗത്തെത്തിയിരുന്നു. ’75 രാജ്യങ്ങളില്‍ ട്വന്റി 20 ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഇതുകൊണ്ട് തന്നെ ട്വന്റി 20 ഒളിംപിക്‌സില്‍ മത്സര ഇനമാക്കാം. നിലവാരമുള്ള പിച്ചുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാല്‍ ആവേശകരമായ മത്സരങ്ങള്‍ ഉണ്ടാവും. ട്വന്റി 20 ഒളിംപിക്‌സ് ഇനമാവുന്നതോടെ ക്രിക്കറ്റിന് കൂടുതല്‍ പ്രചാരം കിട്ടും’ എന്നും ദ്രാവിഡ് പറഞ്ഞിരുന്നു. എന്തായാലും ആരാധകര്‍ക്ക് ആവേശമാകാന്‍ ക്രിക്കറ്റ് മത്സരയിനമായി 2028 ഒളിംപിക്‌സിലുണ്ടാവും.