മലയാള സിനിമയിൽ സ്ത്രീകൾക്ക് പ്രാധാന്യമുള്ള കഥാപാത്രങ്ങൾ;ജ്യോതിക

തന്നെ തേടിയെത്തിയ കഥ തികച്ചും വ്യത്യസ്തവും പുതുമയുള്ളതുമായതിനാലാണ് കാതൽ എന്ന സിനിമ ചെയ്യാൻ തീരുമാനിച്ചതെന്ന് നടി ജ്യോതിക. സിനിമയിൽ വലിയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് തനിക്ക് ലഭിച്ചത്. മലയാള സിനിമയിൽ സ്ത്രീകൾക്ക് പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ തമിഴ് സിനിമയിൽ അത്തരമൊരു അവസരം ഉണ്ടാകുന്നില്ലെന്നും അവർ പറഞ്ഞു.

‘കാതലിന്റെ കഥ കേട്ടപ്പോൾ തന്നെ തീർത്തും വ്യത്യസ്തമാണെന്ന് തോന്നി. എന്റെ കരിയറിലെ ഏറ്റവും മികച്ച റോൾ കാതൽ ആണെന്ന് എനിക്ക് പറയാനാകും. 25 വർഷമായി സിനിമയിൽ ഞാനുണ്ട്. നിരവധി കഥാപാത്രങ്ങൾ എനിക്ക് വരുന്നുണ്ട്. എന്നാൽ പ്രധാന്യമുള്ള ഒരു കഥാപാത്രവും വരുന്നില്ല. കാതലിൽ എനിക്ക് ലഭിച്ചത് തുല്യമായ കഥാപാത്രമാണ്.

സ്ത്രീകൾക്ക് വളരാനുള്ള ഒരു സ്പേസ് പോലും തമിഴിൽ സിനിമയിൽ ഉണ്ടാകുന്നില്ല. മലയാളം സിനിമയിൽ കാര്യങ്ങൾ വളരെ പ്രോഗ്രസീവ് ആണ്. അവിടെ കാര്യങ്ങൾ നല്ല രീതിയിലാണ് നടക്കുന്നത്. ഐശ്വര്യ രാജേഷ്, സായ് പല്ലവി തുടങ്ങി നല്ല നായികമാർ തമിഴിൽ ഉണ്ട്. എന്നാൽ അവർക്ക് നല്ലൊരു സ്പേസ് കിട്ടുന്നില്ല. ചാൻസ് കിട്ടുന്നില്ല.

വിവാഹത്തിന് ശേഷം ഗ്യാപ് വന്നത് കൃത്യമായ പ്ലാൻ തന്നെയായിരുന്നു. കുട്ടികൾ വേണമെന്ന് ഞങ്ങൾക്ക് പ്ലാൻ ഉണ്ടായിരുന്നു. വിവാഹത്തിന് തൊട്ടുപിന്നാലെ തന്നെ മക്കളുണ്ടായി. ദേവിന് നാല് വയസായപ്പോഴാണ് ഞാൻ വീണ്ടും പടം ചെയ്തത്. കൃത്യമായ ഗ്യാപ് എടുത്ത് എല്ലാം ബാലൻസ് ചെയ്താണ് സിനിമ ചെയ്യുന്നത്.

വിവാഹത്തിന് ശേഷമാണ് എനിക്ക് കരിയറിനെ കുറിച്ച് ഒരു ഉത്തരവാദിത്ത ബോധം വന്നത്. സിനിമ എന്ന ലോകത്ത് നിന്ന് ഒരു റിയൽ ലൈഫിലേക്ക് ഞാൻ വന്നു. അതുവരെ എനിക്ക് സിനിമ സൗഹൃദങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ റിയൽ ലൈഫ് ബന്ധങ്ങളും ലഭിച്ചു.റിയല്‍ ലൈഫില്‍ സ്ത്രീകളോട് അടുത്തിടപഴകിയതും പരിചയപ്പെടാനും അവസരമുണ്ടായി. അപ്പോള്‍ സിനിമയില്‍ കാണിക്കുന്ന സ്ത്രീകള്‍ എല്ലാംം പൊയ് ആണോ എന്ന് തോന്നിപ്പോയി. 90 ശതമാനം സിനിമയിലും നടൻമാരുടെ പുറകെ ഓടുന്ന നടിമാരെയാണ് കാണിക്കുന്നത്. അല്ലെങ്കിൽ ഹീറോയെ സ്നേഹിച്ച് പോകുന്ന അവർക്ക് വേണ്ടി ജീവിക്കുന്ന താരങ്ങളെയാണ് കാണിക്കുന്നത്. ഇതൊക്കെ കണ്ടാണ് തീരുമാനിച്ചത് ഇനി പടങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ എനിക്കും സ്ത്രീകൾക്കുമൊക്കെ അഭിമാനം തോന്നുന്ന റോളുകളെ ചെയ്യുകയുള്ളൂവെന്ന്. എടുത്ത് പറഞ്ഞാൽ എന്റെ മകൾക്ക് അഭിമാനം തോന്നുന്ന കഥാപാത്രങ്ങൾ.