കടുത്ത ചൂട്; ജലസ്രോതസ്സുകള്‍ വറ്റിവരളുന്നു

വടകര: നാടും നഗരവും കടുത്ത ചൂടിലേക്ക്. ജലസ്രോതസ്സുകള്‍ വറ്റിവരളുന്നു. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനമായ പുല്ലുവപ്പുഴ വറ്റിവരണ്ടു.വരാനിരിക്കുന്ന കടുത്ത വരള്‍ച്ചയുടെ സൂചന നല്‍കിയാണ് പല കുടിവെള്ള സ്രോതസ്സുകളും വറ്റുന്നത്.

വേനല്‍മഴ കനിഞ്ഞില്ലെങ്കില്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ടിവരും. പുഴകളെ ആശ്രയിച്ച്‌ നിരവധി കുടിവെള്ള പദ്ധതികളാണുള്ളത്. ചൂട് ദിനംപ്രതി കൂടിവരുന്നതിനാല്‍ പലയിടത്തും വെള്ളം ക്രമാതീതമായി കുറയുകയാണ്. മലയോരവാസികള്‍ കുന്നുറവകളെയാണ് പ്രധാനമായും വേനലില്‍ ആശ്രയിക്കുന്നത്. പതിവില്‍നിന്ന് വ്യത്യസ്തമായി ഇവിടങ്ങളില്‍നിന്ന് നേരിയതോതിലാണ് വെള്ളം ലഭിക്കുന്നത്.

മയ്യഴിപ്പുഴയിലെ വെള്ളത്തിന്റെ കുറവ് വടകരയിലെ ജലവിതരണത്തെ ബാധിച്ചേക്കും. ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതിയായ വിഷ്ണുമംഗലം ബണ്ടിലെ വെള്ളമാണ് വടകര തീരദേശ മേഖലയിലും സമീപ ഗ്രാമപഞ്ചായത്തുകളിലും വിതരണം ചെയ്യുന്നത്.

ചൂട് അനുദിനം കൂടുന്നതുമൂലം നഗരത്തില്‍ ജനജീവിതം ദുസ്സഹമായിട്ടുണ്ട്. ദേശീയപാതയുടെ നിർമാണ പ്രവൃത്തിയുടെ ഭാഗമായി മരങ്ങള്‍ ഇല്ലാതായതോടെ കടുത്ത ചൂടില്‍ വിശ്രമിക്കാൻ തണല്‍ തേടി പോകാൻ ഇടമില്ലാതായി. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ആശ്വാസമായിരുന്നെങ്കിലും എല്ലാം പൊളിച്ചുനീക്കിയതിനാല്‍ യാത്രക്കാർ പൊരിവെയിലത്താണ് ബസ് കാത്തുനില്‍ക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സമയത്തില്‍ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ചൂട് സഹിക്കാൻ പറ്റുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

വേനല്‍ക്കാല കൃഷികളും അവതാളത്തിലാണ്. സാധാരണയായി ഏപ്രിലോടെയാണ് ജലലഭ്യത കുറഞ്ഞുവരാറുള്ളത്. പതിവിലും കുറവാണ് ഇത്തവണ ലഭിച്ച മഴയുടെ അളവ്. ലഭ്യമായ ജലസ്രോതസ്സുകള്‍ വൃത്തിയോടെ സൂക്ഷിക്കാൻ ആരോഗ്യവകുപ്പ് നേരത്തേതന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.