പ്രൈമറി ക്ലാസുകളില്‍ ബി.എഡുകാര്‍ വേണ്ട: വിലക്ക് ആവര്‍ത്തിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: ബി.എഡുകാർക്ക് പ്രൈമറി ക്ലാസ് അധ്യാപകരാകുന്നത് വിലക്കിയ 2023 ആഗസ്റ്റ് 11ലെ വിധി ആവർത്തിച്ച സുപ്രീംകോടതി അന്ന് തൊട്ടുള്ള നിയമനങ്ങള്‍ക്ക് വിലക്ക് ബാധകമാകുമെന്ന് സുപ്രീംകോടതി വ്യക്തത വരുത്തി.വിജഞാപനത്തില്‍ ബി.എഡ് യോഗ്യതയായി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രൈമറി ക്ലാസുകളില്‍ അധ്യാപകരായി സ്ഥിര നിയമനം നേടിയവർക്ക് മാത്രമേ സംരക്ഷണം ലഭിക്കൂ എന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.

മധ്യപ്രദേശില്‍ നിന്നുള്ള കേസില്‍ കഴിഞ്ഞ വർഷം ആഗസ്റ്റ് 11ന് തങ്ങള്‍ പുറപ്പെടുവിച്ച വിധി അന്ന് തൊട്ടുള്ള നിയമനങ്ങളുടെ കാര്യത്തിലാണ് ബാധകമാകുകയെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിജഞാപനത്തില്‍ ബി.എഡ് യോഗ്യതയായി കാണിക്കുകയും ഏതെങ്കിലും കോടതി അയോഗ്യരാക്കാത്തതുമായ സ്ഥിര നിയമനം നേടിയ ബി.എഡുകാരായ പ്രൈമറി അധ്യാപകർക്ക് സുപ്രീംകോടതി വിധിയില്‍ നിന്ന് സംരക്ഷണം ലഭിക്കും. സുപ്രീംകോടതി വിധി അവരുടെ സർവീസിനെ ബാധിക്കില്ലെന്നും ബെഞ്ച് തുടർന്നു.

രാജ്യമൊട്ടുക്കും ബാധകമായ സുപ്രീംകോടതി വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് മധ്യപ്രദേശ് സർക്കാർ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നടപടി. ബി.എഡ് ബിരുദധാരികള്‍ പ്രൈമറി ക്ലാസുകളില്‍ പഠിപ്പിക്കാനാവശ്യമായ ബോധനവിദ്യ ആർജ്ജിക്കാത്തത് മൂലം പ്രൈമറി ക്ലാസുകളിലെ വിദ്യാർഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൈമറി ക്ലാസുകളില്‍ നിന്ന് അധ്യാപകരുന്നതില്‍ നിന്ന് അവരെ കഴിഞ്ഞ വർഷം ഓഗസ്റ്റിലെ വിധിയില്‍ സുപ്രീംകോടതി വിലക്കിയിരുന്നത്. 14 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യഭ്യാസത്തിനുള്ള ഭരണഘടനാപരമായ അവകാശം മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുള്ളതാണെന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീംകോടതി നടപടി.

2023ലെ വിധിക്ക് മുമ്ബ് പ്രൈമറി സ്കൂള്‍ അധ്യാപകരായി നിയമനം നേടിയവർക്ക് പ്രൈമറി വിദ്യാർഥികളുടെ ബോധനവിദ്യയില്‍ എലമന്ററി എഡ്യുക്കേഷൻ ഡിപ്ലോമക്കാർ നേടിയത് പോലെയുള്ള പരിശീലനം നല്‍കാൻ വല്ല ബ്രിഡ്ജ് കോഴ്സുകളുമുണ്ടോ എന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് ആരാഞ്ഞിരുന്നു. 2023-24, 2024-25 അധ്യയന വർഷം രാജ്യത്ത് എത്ര പ്രൈമറി അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും സുപ്രീംകോടതി ചോദിച്ചു.

എലമന്ററി എഡ്യുക്കേഷൻ ഡിപ്ലോമക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപില്‍ സിബല്‍ പ്രൈമറി തസ്തികകളിലെ ഒഴിവുകള്‍ ബി.എഡുകാർക്കാർ നല്‍കിയാല്‍ തങ്ങളുടെ അവസരം നിഷേധിക്കപ്പെടുമെന്ന് ബോധിപ്പിച്ചു. അതിനാല്‍ ഓരോ സംസ്ഥാനങ്ങളെയും വേർതിരിച്ച്‌ ഹരജിയില്‍ വിശദമായ വാദം കേള്‍ക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.